കാഞ്ചൻജംഗ കയറുന്നതിനിടെ പർവതാരോഹകൻ നാരായണൻ അയ്യർ മരിച്ചു

പ്രശസ്ത ഇന്ത്യൻ പർവതാരോഹകൻ നാരായണൻ അയ്യർ (52) പർവതാരോഹണത്തിനിടെ മരിച്ചു. വ്യാഴാഴ്ച ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ കയറുന്നതിനിടെയാണ് മരണം. കാഞ്ചൻജംഗയുടെ 8,200 മീറ്റർ ഉയരത്തിൽ വച്ച് ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു മരണം.

അദ്ദേഹത്തിന് മറ്റുള്ളവരെ അപേക്ഷിച്ച് വേഗത കുറവായിരുന്നെന്നും ക്ഷീണം കാരണം രണ്ട് ഗൈഡുകൾ അദ്ദേഹത്തെ സഹായിച്ചിരുന്നെന്നും പര്യവേഷണ കമ്പനിയായ പയനിയർ അഡ്വഞ്ചർ അംഗം നിവേശ് കാർക്കി പറഞ്ഞു. മരണ വിവരം അദ്ദേഹത്തിന്‍റെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ കമ്പനി ചെയ്യുന്നുണ്ടെന്നും നിവേശ് കൂട്ടിച്ചേർത്തു.

ഈ വർഷം നേപ്പാളിൽ മരിക്കുന്ന മൂന്നാമത്തെ പർവതാരോഹകനാണ് നാരായണൻ അയ്യർ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എട്ട് കൊടുമുടികളുടെ ആസ്ഥാനമാണ് നേപ്പാൾ. കോവിഡാനന്തരം അടച്ചുപൂട്ടിയ ട്രെക്കിങ് വ്യവസായം കഴിഞ്ഞ വർഷമാണ് പർവതാരോഹകർക്കായി വീണ്ടും തുറന്നത്.

ഈ സീസണിൽ 68 വിദേശ പർവതാരോഹകർക്കാണ് നേപ്പാൾ കാഞ്ചൻജംഗയിലേക്ക് പെർമിറ്റുകൾ നൽകിയിട്ടുള്ളത്. എവറസ്റ്റ് കൊടുമുടിക്കുള്ള 316 പേർ ഉൾപ്പെടെ 918 പർവതാരോഹകർക്ക് നേപ്പാൾ സർക്കാർ ഇതിനകം പെർമിറ്റ് നൽകിയിട്ടുണ്ട്.

Tags:    
News Summary - Indian Climber Narayanan Iyer Dies Trying To Scale Mount Kanchenjunga

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.