കഠ് വ: ഭീകരരെ വളഞ്ഞുപിടിക്കാൻ സേന

കഠ് വ/ജമ്മു: ജമ്മു-കശ്മീരിലെ കഠ് വയിൽ അഞ്ച് സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതം. ഭീകരവിരുദ്ധ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ ഡി.ജി.പി ആർ.ആർ.സ്വയ്ൻ സ്ഥലത്തെത്തി. വീരമൃത്യു വരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം അവരവരുടെ വീടുകളിലേക്ക് അയച്ചു.

കഠ് വ , ഉധംപൂർ എന്നിവയുടെ സമീപ ജില്ലകളിലും തിരച്ചിൽ നടക്കുന്നുണ്ട്. ‘മിന്നലാക്രമണം’ വേണ്ടിവന്നാൽ അതിനായി കരസേനയുടെ ‘പാര’ യൂനിറ്റിനെ സജ്ജമാക്കി.

കരമാർഗം നീങ്ങുന്ന ഭീകരവിരുദ്ധ സംഘത്തിന് ഹെലികോപ്ടറിൽ നിന്നും ആളില്ലാ പേടകങ്ങളിൽ നിന്നുമുള്ള വിവരം ലഭിക്കുന്നുണ്ട്. ശ്വാനസംഘവും ഇവർക്കൊപ്പമുണ്ട്. കൊടുംവനത്തിലും തിരച്ചിൽ തുടരുന്നു. കരസേന, പൊലീസ്, സി.ആർ.പി.എഫ് എന്നിവരടങ്ങുന്ന സംഘം മചേഡി, ബദ്നോട്, കിൻഡ്‍ലി, ലൊഹായ് മൽഹർ മേഖലകൾ അരിച്ചുപെറുക്കുകയാണ്.

ബില്ലവറിലെ സബ് ജില്ല ആശുപത്രിയിലാണ് വീരമൃത്യു വരിച്ചവരുടെ പോസ്റ്റ്മോർട്ടം നടത്തിയത്. പരിക്കേറ്റ് ഇതേ ആശുപത്രിയിലേക്ക് കൊണ്ടുവന്ന എട്ടു സൈനികരിൽ ആറുപേരെ പത്താൻകോട്ട് സൈനിക ആശുപത്രിയിലേക്ക് മാറ്റി. മേഖലയിൽ ഇപ്പോൾ നാല് ഭീകര ഗ്രൂപ്പുകൾ സജീവമാണെന്ന് അധികൃതർ പറഞ്ഞു. ഇതിലേറെയും വിദേശ പൗരന്മാരാണ്. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ മൂന്നുമുതൽ നാലുവരെ ഭീകരർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് അനുമാനം.

ഏപ്രിൽ 28ന് പനാര ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിനുപിന്നിൽ പ്രവർത്തിച്ച അതേ ഗ്രൂപ്പാണ് ഇവിടെയുമുണ്ടായിരുന്നതെന്ന് റിപ്പോർട്ടുണ്ട്. ഈ സംഭവത്തിൽ ഗ്രാമ പ്രതിരോധ ഗാർഡ് കൊല്ലപ്പെട്ടിരുന്നു. 

Tags:    
News Summary - Indian army operation In Kathua

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.