ന്യൂഡൽഹി: പാകിസ്താൻ വിമാനങ്ങൾക്ക് വ്യോമാതിർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ആഗസ്റ്റ് 24 വരെ നീട്ടി ഇന്ത്യ. ഏപ്രിൽ 22ന് 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു വിലക്ക്. പാകിസ്താൻ വിമാനക്കമ്പനികൾ പ്രവർത്തിപ്പിക്കുന്നതോ, ഉടമസ്ഥതയിലുള്ളതോ ആയ വിമാനങ്ങൾക്കും സൈനിക വിമാനങ്ങൾ ഉൾപ്പെടെയുള്ള ഓപ്പറേറ്റർമാർക്കും ഏപ്രിൽ 30 മുതൽ ഇന്ത്യ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്താനെതിരെ സർക്കാർ സ്വീകരിച്ച വിവിധ നടപടികളുടെ ഭാഗമാണ് നിരോധനം. 'പാകിസ്താൻ വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത് നിയന്ത്രിക്കുന്നത് ആഗസ്റ്റ് 23 വരെ ഔദ്യോഗികമായി നീട്ടിയിരിക്കുന്നതായി സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ പറഞ്ഞു.
ഈ നടപടി തുടർച്ചയായ തന്ത്രപരമായ നയങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും നിലവിലുള്ള സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് അനുസൃതമാണെന്നും എക്സ് പോസ്റ്റിൽ മന്ത്രി പറഞ്ഞു. ആദ്യം നിരോധനം മേയ് 24 വരെയായിരുന്നു പാക് വിമാനങ്ങൾക്ക് വിലക്ക്. എന്നാൽ അത് ജൂൺ 24 വരെയും പിന്നീട് ജൂലൈ 24 വരെയും നീട്ടി. ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി അടച്ചിടുന്നത് പാകിസ്താനും ആഗസ്റ്റ് 24 വരെ നീട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.