കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയ ഇന്ത്യൻ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി

കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് നേപ്പാളിലെ ഷേയ്-ഫോക്സുണ്ടോ തടാകത്തിലേക്ക് നടത്തിയ ട്രക്കിങ്ങിനിടെ കുടുങ്ങിപ്പോയ ആറ് ഇന്ത്യൻ വിനോദസഞ്ചാരികളെ ഹെലികോപ്റ്റർ മാർഗം രക്ഷപെടുത്തി. സാങ്കേതിക തടസങ്ങൾ കാരണം പലതവണ വൈകിയ രക്ഷാപ്രവർത്തനം രണ്ട് ഘട്ടങ്ങളായാണ് പൂർത്തിയാക്കിയത്.

ആദ്യം രണ്ട് സ്ത്രീകളെ ജില്ലാ ആസ്ഥാനത്തേക്ക് എത്തിച്ചു. ബാക്കി നാലുപേരെ പിന്നീട് അവർ കുടുങ്ങിക്കിടന്ന സ്ഥലത്തുനിന്ന് രക്ഷപെടുത്തി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മൗമിത ഹൽദാർ, പിയാലി കോൾ, ജാജാല ത്രിവേദി കുമാർ, ആദിത്യ സിംഹ, ദിപ്ലിന ബിശ്വാസ്, രാജേഷ് ഡെ എന്നിവരാണ് ആറ് വിനോദസഞ്ചാരികൾ.

ഡോൽപോ ബുദ്ധ റൂറൽ മുൻസിപ്പാലിറ്റിയിലെ 4, 8 വാർഡുകളിൽ നിന്ന് ഷേയ്-ഫോക്സുണ്ടോ തടാകത്തിലേക്ക് സഞ്ചരിക്കുമ്പോഴാണ് ഇവർ വഴിയിൽ കുടുങ്ങിയത്. ഷേയ്-ഫോക്സുണ്ടോ റൂറൽ മുൻസിപ്പാലിറ്റിയുടെ 4, 8 വാർഡുകൾക്കിടയിലുള്ള നുംല പാസ്, ബഗ്ല പാസ് പ്രദേശങ്ങളിലാണ് ഇവരെ അവസാനമായി കാണാതായത്.

ജില്ലാ ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, ഈ മേഖലയിലേക്ക് പ്രവേശിക്കാൻ ആവശ്യമായ പെർമിറ്റുകൾ ഈ വിനോദസഞ്ചാരികളുടെ പക്കൽ ഉണ്ടായിരുന്നില്ല. നാട്ടുകാരുടെ മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഇവർ യാത്ര തുടർന്നത്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട 'അർണാബ്' ചുഴലിക്കാറ്റ് കാരണം പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടിരുന്നു.

രക്ഷാപ്രവർത്തനം ആദ്യം ഞായറാഴ്ച നടത്താനാണ് പദ്ധതിയിട്ടിരുന്നതെങ്കിലും സാങ്കേതിക തടസങ്ങൾ മൂലം വൈകുകയായിരുന്നു. നേപ്പാൾ ആർമിയുടെ ഹെലികോപ്റ്റർ അയക്കാനുള്ള ശ്രമം ടേക്ക്-ഓഫ് സമയത്തുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ഉപേക്ഷിച്ചു. സിമ്രിക് എയറിന്‍റെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രണ്ടാമത്തെ ശ്രമവും സാങ്കേതിക പ്രശ്നങ്ങൾ കാരണം വൈകുന്നേരം 4.30ന് നിർത്തിവെക്കേണ്ടി വന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെ 6 മണിയോടെ രക്ഷാപ്രവർത്തനം പുനരാരംഭിക്കുകയും ആറ് വിനോദസഞ്ചാരികളെയും സുരക്ഷിതമായി പുറത്തെത്തിക്കുകയുമായിരുന്നു.

നേപ്പാളിലെ ഡോൽപ ജില്ലയിലുള്ള നീലകലർന്ന പച്ചനിറത്തിലുള്ള ഒരു ആഴമേറിയ തടാകമാണ് ഷേയ്-ഫോക്സുണ്ടോ. സമീപവർഷങ്ങളിൽ ഈ പ്രദേശത്തേക്ക് വരുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ട്. ഡിസ്ട്രിക്റ്റ് അഡ്മിനിസ്ട്രേഷൻ ഓഫിസിന്‍റെ കണക്കനുസരിച്ച് 244 വിനോദസഞ്ചാരികൾ അപ്പർ ഡോൽപയിൽ എത്തിയിട്ടുണ്ട്.  2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ 11 മാസങ്ങളിൽ ആകെ 4,882 വിനോദസഞ്ചാരികളാണ് ഫോക്സുണ്ടോ തടാകം സന്ദർശിച്ചത്. മോശം കാലാവസ്ഥയെ തുടർന്ന് അപകടസാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്നും സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും ജില്ലാ ഭരണകൂടം വിനോദസഞ്ചാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags:    
News Summary - Indian tourists stranded in Nepal rescued after heavy snowfall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.