പ്രിയങ്ക ഗാന്ധി,രാഹുൽ ഗാന്ധി,പ്രദീപ് ഭണ്ഡാരി

'പ്രിയങ്കയുടെ വളർച്ചയിൽ രാഹുൽ ക്യാമ്പിന് ഭയം'; കോൺഗ്രസിൽ സഹോദരങ്ങൾ തമ്മിൽ ഭിന്നതയെന്ന് ബിജെപി

ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തമ്മിൽ ഭിന്നതയുണ്ടെന്ന ആരോപണവുമായി ബിജെപി. പാർട്ടിയിൽ പ്രിയങ്ക ഗാന്ധിയുടെ സ്വാധീനം വർധിക്കുന്നതിൽ രാഹുൽ ഗാന്ധിയുടെ അനുയായികൾക്ക് ആശങ്കയുണ്ടെന്നും അതിനാൽ പ്രിയങ്കയെ ബോധപൂർവം ഒതുക്കുകയാണെന്നും ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.

ഡൽഹിയിലെ രാംലീല മൈതാനത്ത് നടന്ന ഇൻഡ്യ സഖ്യത്തിന്റെ റാലിയിൽ പ്രിയങ്ക ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചുവെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. തലേദിവസം നടന്ന പ്രതീകാത്മക പാർലമെന്റ് പരിപാടിയിലും പ്രിയങ്കയെ അവഗണിച്ചതായി ഭണ്ഡാരി ആരോപിച്ചു.

കോൺഗ്രസിൽ രണ്ട് അധികാരകേന്ദ്രങ്ങൾ രൂപപ്പെട്ടിരിക്കുകയാണെന്നും പ്രിയങ്കയുടെ രാഷ്ട്രീയ സ്വാധീനം പരിമിതപ്പെടുത്താനാണ് രാഹുൽ ക്യാമ്പ് ശ്രമിക്കുന്നതെന്നും ഭണ്ഡാരി വിഡിയോ പ്രസ്താവനയിൽ ആരോപിച്ചു.

'കോൺഗ്രസ് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള, രാഹുൽ ഗാന്ധിയുടെ സഹോദരിയായ പ്രിയങ്ക ഗാന്ധിയെ രാംലീല മൈതാനത്ത് സംസാരിക്കാൻ അനുവദിച്ചില്ല. പ്രിയങ്കയെ സംസാരിക്കുന്നതിൽനിന്ന് രാഹുൽ ഗാന്ധി തടഞ്ഞതാണോ? തലേദിവസം നടന്ന പ്രതീകാത്മക പാർലമെന്റ് പരിപാടിയിലും പ്രിയങ്കയുടെ ഇരിപ്പിടം രണ്ടാം നിരയിലായിരുന്നു. അവിടെയും സംസാരിക്കാൻ അവസരം നൽകിയില്ല' -ഭണ്ഡാരി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ പുനരവതരണത്തിനാണ് കോൺഗ്രസ് നേതൃത്വം പ്രാധാന്യം നൽകുന്നതെന്നും ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനു പകരം പ്രിയങ്കയെ ഒതുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'പ്രിയങ്ക ക്യാമ്പിന്റെ വളർച്ചയിൽ രാഹുൽ ക്യാമ്പിന് അരക്ഷിതബോധമുണ്ട്. പ്രിയങ്കയെ അടിച്ചമർത്തുകയാണ്. രാഹുലും പ്രിയങ്കയും തമ്മിലുള്ള അധികാരവടംവലിയിൽ കോൺഗ്രസ് രണ്ട് വിഭാഗങ്ങളായി മാറിയിരിക്കുകയാണ്. ജനങ്ങൾ ഈ പോരാട്ടം പോപ്കോൺ കഴിച്ച് കണ്ടിരിക്കുകയാണ്' -ഭണ്ഡാരി പരിഹസിച്ചു.

അതേസമയം, വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനും തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കുമെതിരെ ഇൻഡ്യ സഖ്യം ഡൽഹിയിൽ സംഘടിപ്പിച്ച 'ചലോ ഡൽഹി' റാലിയുടെ പശ്ചാത്തലത്തിലാണ് ബിജെപിയുടെ ആരോപണം. മിന്റോ റോഡ്-കൊണാട്ട് പ്ലേസ് ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് രാംലീല മൈതാനത്ത് സമാപിച്ചു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി, അഭിഷേക് ബാനർജി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, നാഷനൽ കോൺഫറൻസ് അധ്യക്ഷൻ ഫാറൂഖ് അബ്ദുല്ല, സിപിഐ നേതാവ് ഡി. രാജ, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി, സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കൾ റാലിയിൽ പങ്കെടുത്തു.

ഒക്ടോബർ 31ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം പ്രതീകാത്മക ഇംപീച്ച്മെന്റ് പരിപാടിയും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാംലീല മൈതാനത്ത് പ്രതിഷേധ റാലി നടന്നത്.

രണ്ട് പരിപാടികളിലും പ്രിയങ്ക ഗാന്ധി പ്രസംഗിച്ചിരുന്നില്ല. എന്നാൽ, രാഹുൽ ഗാന്ധി ബോധപൂർവം പ്രിയങ്കയെ സംസാരിക്കുന്നതിൽനിന്ന് തടഞ്ഞുവെന്നതിനോ കോൺഗ്രസിൽ ഇരുവർക്കുമായി പ്രത്യേക വിഭാഗങ്ങൾ രൂപപ്പെട്ടുവെന്നതിനോ തെളിവുകളൊന്നും ബി.ജെ.പി പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - BJP Alleges Rahul-Priyanka Rift in Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.