ചാർജ് കൂടുതലെങ്കിൽ യാത്ര ചെയ്യേണ്ട: 700% ടിക്കറ്റ് നിരക്ക് വർധനവിനെതിരായ ഹരജി തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: വിമാന ടിക്കറ്റ് നിരക്ക് 700 ശതമാനം വർധിപ്പിച്ചതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. വിമാനയാത്ര ഇന്ന് ഒഴിച്ചുകൂടാനാവാത്ത സേവനമായി മാറിയെന്നും വിമാനക്കമ്പനികൾ ഉയർന്ന നിരക്കാണ് ഈടാക്കുന്നതെന്നുമെന്ന അഭിഭാഷകരുടെ വാദത്തിന് ടിക്കറ്റുകൾക്ക് വില കൂടുതലാണെങ്കിൽ വിമാനത്തിൽ യാത്ര ചെയ്യരുതെന്നാണ് ജസ്റ്റിസ് വിക്രം നാഥ് മറുപടി നൽകിയത്.
ഉത്സവങ്ങൾ, അവധിക്കാലങ്ങൾ, അടിയന്തിര സാഹചര്യങ്ങൾ എന്നിവയിൽ വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. കൃത്യമായ പരിധികളില്ലാതെ ടിക്കറ്റ് നിരക്ക് ഉയർത്താൻ വിമാനക്കമ്പനികൾ 'ഡൈനാമിക് പ്രൈസിങ്' രീതിയാണ് ഉപയോഗിക്കുന്നതെന്നും അഭിഭാഷകൻ വാദിച്ചു. ടിക്കറ്റ് നിരക്ക് നിശ്ചയിക്കുന്നതിന് വിമാനക്കമ്പനികൾക്കായി സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കണമെന്നും ഹരജിക്കാരൻ ആവശ്യമുന്നയിച്ചു. എന്നാൽ സുപ്രീം കോടതി ഈ ഹർജി തള്ളുകയായിരുന്നു. വിമാന നിരക്ക് വിഷയത്തിൽ എസ്. ലക്ഷ്മിനാരായണൻ സമർപ്പിച്ച മറ്റൊരു പൊതുതാൽപ്പര്യ ഹരജി ഇപ്പോഴും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.
അതേസമയം, അസാധാരണമായ സാഹചര്യങ്ങളിലും പൊതുതാൽപ്പര്യാർഥവും വിമാന ടിക്കറ്റ് നിരക്കുകളിൽ ഇടപെടാൻ സർക്കാറിന് അധികാരം നൽകുന്ന പുതിയ ചട്ടങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തു. ചട്ടം 192 അനുസരിച്ച്, ഷെഡ്യൂൾ ചെയ്ത വിമാനക്കമ്പനികൾ പ്രവർത്തനച്ചെലവ് ഉൾപ്പെടെയുള്ള ഘടകങ്ങൾ അടിസ്ഥാനമാക്കിയായിരിക്കണം തങ്ങളുടെ നിരക്കുകൾ നിശ്ചയിക്കേണ്ടത്. നിരക്ക് സംബന്ധിച്ച വിശദാംശങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് സമർപ്പിക്കുകയും വേണം.
കമ്പനികൾ നിശ്ചയിക്കുന്ന നിരക്കുകൾ ഡി.ജി.സി.എ നിരീക്ഷിക്കും. കൂടാതെ, വിമാനക്കമ്പനികൾ തങ്ങളുടെ വെബ്സൈറ്റുകളിലും മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും നിരക്കുകൾ പ്രസിദ്ധീകരിക്കണം. ബുക്കിങ് സമയത്തും ടിക്കറ്റിലും യാത്രക്കാർ നൽകേണ്ട മൊത്തം തുക വ്യക്തമാക്കിയിരിക്കണം.
അടിസ്ഥാന നിരക്ക്, നികുതികൾ, ഫീസുകൾ, ക്യാൻസലേഷൻ ചാർജുകൾ, റീഫണ്ട് വ്യവസ്ഥകൾ, മറ്റ് നിരക്കുകൾ എന്നിവയുടെ വിവരങ്ങൾ വേവ്വേറെ നൽകാൻ കമ്പനികൾ ബാധ്യസ്ഥരാണ്. സർക്കാറിലേക്ക് അടയ്ക്കുന്ന നികുതികളും സേവനങ്ങൾക്കായി വിമാനക്കമ്പനികൾ ഈടാക്കുന്ന ഫീസുകളും തമ്മിലുള്ള വ്യത്യാസം നിയമത്തിൽ വ്യക്തമാക്കുന്നുണ്ട്.
1994ലാണ് ഇന്ത്യ വിമാനക്കമ്പനികൾക്ക് സ്വന്തമായി ടിക്കറ്റ് നിരക്ക് നിശ്ചയിക്കാൻ അനുമതി നൽകിയത്. അന്നുമുതൽ, ആവശ്യക്കാരുടെ എണ്ണം, പ്രവർത്തനച്ചെലവ്, ബുക്കിങ് സമയം എന്നിവ അടിസ്ഥാനമാക്കിയാണ് വിമാനക്കമ്പനികൾ നിരക്ക് നിശ്ചയിക്കുന്നത്. മുൻപുണ്ടായിരുന്ന 1937ലെ എയർക്രാഫ്റ്റ് റൂൾസ് (Rule 135(4)) പ്രകാരം, അമിത നിരക്ക് ഈടാക്കുന്ന സാഹചര്യങ്ങളിലും അനാരോഗ്യകരമായ മത്സരങ്ങൾ നടക്കുമ്പോഴും ഇടപെടാൻ ഡി.ജി.സി.എയ്ക്ക് അധികാരമുണ്ടായിരുന്നു.
പുതിയ ചട്ടം 19ൽ ഇത്തരം സാഹചര്യങ്ങൾ എടുത്തുപറയുന്നില്ലെങ്കിലും, അസാധാരണ സാഹചര്യങ്ങളിലും പൊതുതാൽപ്പര്യത്തിനും നിരക്കുകളിൽ നിർദ്ദേശം നൽകാൻ കേന്ദ്രത്തിന് അധികാരം നൽകുന്നുണ്ട്. അമിത നിരക്ക് ഈടാക്കുന്നത് ഇടപെടലിനുള്ള കാരണമായി പുതിയ വിജ്ഞാപനം എടുത്തുപറയാത്തത് വിമാനക്കമ്പനികൾക്ക് ആശ്വാസമായേക്കാം. ലഭ്യമായ വിവരമനുസരിച്ച് ഈ വിഷയം നവംബർ 16ന് വീണ്ടും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.