ഒരു മരണം പോലും റിപ്പോർട്ട് ചെയ്യാതെ തുടർച്ചയായ 12 മാസങ്ങൾ; 47 വർഷത്തിനിടയിലെ അപൂർവനേട്ടവുമായി സി.ആർ.പി.എഫ്
ന്യൂഡൽഹി: തുടർച്ചയായ 12 മാസം ഔദ്യോഗിക കൃത്യ നിർവഹണത്തിനിടയിൽ ഒരു മരണം പോലും ഇല്ലാതെ സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സിന്റെ (CRPF) ചരിത്രനേട്ടം. ഡയറക്ടർ ജനറൽ ജി.പി. സിങ് ആണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ 47 വർഷത്തിനിടയിൽ ആദ്യമായാണ് ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്. 2025 ഒക്ടോബർ 30നാണ് സേനയിൽ അവസാനമായി ഇത്തരത്തിൽ ഒരു മരണം റിപ്പോർട്ട് ചെയ്തത്. ഇതിനുമുമ്പ് സമാനമായ ഒരു കാലയളവ് അവസാനിച്ചത് 1979 ജനുവരിയിലായിരുന്നു. സേനയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് സിങ് വിശേഷിപ്പിച്ചു.
ആധുനിക ഉപകരണങ്ങൾ, മികച്ച പരിശീലനം, തന്ത്രപരമായ ആസൂത്രണം എന്നിവയാണ് ഈ നേട്ടത്തിന് കാരണമെന്ന് സിങ് പറഞ്ഞു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻതന്നെ മികച്ച മെഡിക്കൽ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് വേഗത്തിൽ എത്തിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സേന നൽകിയ പ്രത്യേക ശ്രദ്ധയും അദ്ദേഹം എടുത്തുപറഞ്ഞു.
രാജ്യത്തുടനീളം ആഭ്യന്തര സുരക്ഷാ ചുമതലകൾ സി.ആർ.പി.എഫ് തുടർന്നു വരുന്നുണ്ട്. നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾ, ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ ചുമതലകൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കലാപവിരുദ്ധ ചുമതലകൾ എന്നിവയിലാണ് സേന പ്രധാനമായും വിന്യസിക്കപ്പെട്ടിരിക്കുന്നത്. മാവോയിസ്റ്റ് പ്രവർത്തനങ്ങൾ കുറഞ്ഞതോടെ സേനയുടെ സുരക്ഷാ മുൻഗണനകളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്. മാവോയിസ്റ്റ് സ്വാധീന മേഖലകളിൽ നിരീക്ഷണം തുടരുമ്പോൾ തന്നെ, മണിപ്പൂരിലെ വെല്ലുവിളികളിലും സി.ആർ.പി.എഫ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
രാജ്യത്തെ സമാധാനപൂർണ്ണമായി നിലനിർത്താനും എല്ലാ പൗരന്മാരെയും സംരക്ഷിക്കാനും സേന പ്രതിജ്ഞാബദ്ധമാണെന്ന് ജി.പി. സിങ് പറഞ്ഞു. ഇന്ത്യയിലെ പ്രധാന കേന്ദ്ര സായുധ പൊലീസ് സേനകളിലൊന്നായ സി.ആർ.പി.എഫ്, വിവിധ ആഭ്യന്തര സുരക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നു. വലിയ സുരക്ഷാ വെല്ലുവിളികൾ നിലനിൽക്കുന്ന മേഖലകളിൽ സേന വിന്യസിക്കപ്പെട്ടിരിക്കുന്നതിനിടയിലാണ് ജോലിക്കിടയിൽ ഒരു മരണവും ഇല്ലാതെയുള്ള ഈ 12 മാസത്തെ അപൂർവ നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.