പാകുർ (ഝാർഖണ്ഡ്): പാകുർ ജില്ലയിൽ അയൽവാസി ബലാത്സംഗം ചെയ്തശേഷം തീ കൊളുത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നില മെച്ചപ്പെട്ടതായി അധികൃതർ അറിയിച്ചു. കുട്ടിയെ ബൊക്കാറോ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് മാരകമായി പൊള്ളലേറ്റതായി സിവിൽ സർജൻ പറഞ്ഞു. കുട്ടിയെ ആദ്യം മുർഷിദാബാദ് ജില്ലയിലെ നഴ്സിങ് ഹോമിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് പശ്ചിമ ബംഗാളിലെ മാൽഡ മെഡിക്കൽ കോളജിലേക്കും അവിടെനിന്ന് ബോക്കാറോയിലേക്കും മാറ്റുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥർ കുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ചു. ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കും. കുടുംബത്തിന് 30,000 രൂപയും സർക്കാർ അനുവദിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച കുട്ടി വീട്ടിൽ ഒറ്റക്കുള്ള സമയത്താണ് ബലാത്സംഗം നടന്നത്. സംഭവം കുടുംബത്തെ അറിയിക്കുമെന്ന് പറഞ്ഞതോടെ പ്രതി കുട്ടിയെ കുളിമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. അലമുറ കേട്ട് ഒാടിയെത്തിയ അയൽക്കാരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. കുറ്റാരോപിതനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവം നടന്ന ദിവസംതന്നെ ഝാർഖണ്ഡിലെ ഛത്ര ജില്ലയിൽ കൗമാരം വിടാത്ത മറ്റൊരു കുട്ടിയെയും ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്നതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഇതിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പെടെ 15ഒാളം പേർ അറസ്റ്റിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.