ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ താലിബാൻ വിദേശ മന്ത്രിയെ വരവേറ്റ ഇന്ത്യ കാബൂളിൽ ഇന്ത്യൻ എംബസി സജ്ജമാക്കുമെന്നും നേരിട്ടുള്ള കൂടുതൽ വിമാന സർവിസുകൾ തുടങ്ങുമെന്നും ആറ് ആരോഗ്യ പദ്ധതികൾ നടപ്പാക്കുമെന്നും അറിയിച്ചു. അഫ്ഗാനിസ്താന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും അഖണ്ഡതക്കും ഇന്ത്യ പ്രതിജ്ഞബദ്ധമാണെന്ന് താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിക്കൊപ്പം പ്രസ്താവനയിൽ വിദേശ മന്ത്രി എസ്. ജയ്ശങ്കർ വ്യക്തമാക്കി.
താലിബാൻ വിദേശ മന്ത്രി ആമിർ ഖാൻ മുത്തഖിയുമായി ന്യൂഡൽഹി ഹൈദരാബാദ് ഹൗസിൽ കേന്ദ്ര വിദേശ മന്ത്രി എസ്. ജയ്ശങ്കർ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് താലിബാൻ സർക്കാറുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താൻ തീരുമാനിച്ചത്.
ഇന്ത്യയുമായുള്ള സഹകരണം അഫ്ഗാനിസ്താന്റെ രാഷ്ട്ര വികസനത്തിനും മേഖലയിലെ സ്ഥിരതക്കും സംഭാവന നൽകുമെന്ന് ജയ്ശങ്കർ പറഞ്ഞു. 2021 ആഗസ്റ്റിൽ പാവ ഭരണകൂടത്തെ നയിച്ച അശ്റഫ് ഗനിയെ നിഷ്‍കാസിതനാക്കി താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചപ്പോൾ കാബൂൾ, മസാറെ ശരീഫ്, കാന്തഹാർ, ജലാലാബാദ്, ഹെറാത് എന്നിവിടങ്ങളിലെ കോൺസുലേറ്റുകൾ ഇന്ത്യ അടച്ചുപൂട്ടുകയായിരുന്നു. പിന്നീട് 10 മാസം കഴിഞ്ഞ് ഒരു സാങ്കേതിക സംഘത്തെ 2022 ജനുവരി 23ന് കാബൂളിലേക്ക് അയച്ചു.
ആരോഗ്യമേഖലയിൽ ആറ് പദ്ധതികൾ അഫ്ഗാനിലാരംഭിക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യ പ്രതീകാത്മക സമ്മാനമായി മുത്തഖിക്ക് 20 ആംബുലൻസുകൾ കൈമാറും. അഫ്ഗാൻ ആശുപത്രികൾക്ക് എം.ആർ.ഐ, സി.ടി സ്കാൻ മെഷീനുകളും വാക്സിനുകളും അർബുദ മരുന്നും നൽകും. കാബൂളിലെ ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്തിൽ തലാസീമിയ സെന്റർ, മോഡേൺ ഡയഗ്നോസ്റ്റിക് സെന്റർ എന്നിവ സ്ഥാപിക്കും. ഇത് കൂടാതെ കാബൂളിൽ ഓങ്കോളജി സെന്റർ, ട്രോമ സെന്റർ, ബഗ്രാമി ജില്ലയിൽ 30 ബെഡ് ആശുപത്രി എന്നിവയും ഇന്ത്യ തുറക്കും. കൂടുതൽ അഫ്ഗാൻ പൗരന്മാർക്ക് ബിസിനസ്, വിദ്യാർഥി, ചികിത്സാ വിസകൾ നൽകും.
താലിബാൻ വിദേശ മന്ത്രിയുടെ ഇന്ത്യയിലേക്കുള്ള പ്രഥമ സന്ദർശനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടിയ ജയ്ശങ്കർ തങ്ങൾ തമ്മിലുള്ള വ്യക്തിപരമായ കൂടിക്കാഴ്ചക്ക് പ്രത്യേക മൂല്യമുണ്ടെന്ന് പറഞ്ഞു. അതിർത്തി കടന്നുള്ള ഭീഷണി ഇരു രാജ്യങ്ങളും നേരിടുന്നുമുണ്ട്. പഹൽഗാം ആക്രമണത്തെ അഫ്ഗാനിസ്താൻ അപലപിച്ചത് അനുസ്മരിച്ച ജയ്ശങ്കർ ഇന്ത്യയുടെ സുരക്ഷയിൽ അഫ്ഗാൻ പ്രകടിപ്പിച്ച ആശങ്കയെ പ്രശംസിച്ചു.
പാകിസ്താനിൽനിന്ന് ബലംപ്രയോഗിച്ച് നാടുകടത്തുന്ന അഫ്ഗാൻ അഭയാർഥികളെ പുനരധിവസിപ്പിക്കാൻ ഭവന നിർമാണത്തിന് ഇന്ത്യ സഹായിക്കുമെന്ന് ജയ്ശങ്കർ വ്യക്തമാക്കി. അതിർത്തി കടന്ന തീവ്രവാദവും ഇരു വിദേശ മന്ത്രിമാരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.