ന്യൂഡൽഹി: ആഗോള ഡിജിറ്റൽ രംഗത്ത് വികസിത രാജ്യങ്ങളെപ്പോലും പിന്നിലാക്കി ഇന്ത്യക്ക് വൻ കുതിച്ചുചാട്ടം. ഐ.സി.ആർ.ഐ.ഇ.ആർ-പ്രോസസ് സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് ഡിജിറ്റൽ ഇക്കോണമി (IPCIDE) വെളളിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രകടനത്തിൽ ലോകത്ത് നാലാം സ്ഥാനത്തും 'സ്റ്റേറ്റ് ഓഫ് ഇന്ത്യാസ് ഡിജിറ്റൽ ഇക്കോണമി (SIDE) 2026' റിപ്പോർട്ട് പ്രകാരം ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ അഞ്ചാം സ്ഥാനത്തും ഇന്ത്യ എത്തിയിരിക്കുന്നു.
എ.ഐ പ്രകടനത്തിൽ ജർമ്മനി, ഫ്രാൻസ്, ജപ്പാൻ, യു.കെ, കാനഡ എന്നിവയെ ഇന്ത്യ മറികടന്നതായാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ എ.ഐ. ടാലന്റ് പൂൾ (വിദഗ്ധരുടെ ശൃംഖല) നിലവിലുള്ളത് ഇന്ത്യയിലാണ്. രാജ്യത്തെ വർദ്ധിച്ചുവരുന്ന ഗവേഷണങ്ങൾ, സ്റ്റാർട്ടപ്പുകൾ, വ്യവസായങ്ങളിലെ എ.ഐ സാങ്കേതികവിദ്യയുടെ വേഗത്തിലുള്ള ഉപയോഗം എന്നിവയാണ് ഇന്ത്യയെ ആഗോളതലത്തിൽ നാലാം സ്ഥാനത്ത് എത്തിച്ചത്. അമേരിക്ക, ചൈന, സിംഗപ്പൂർ എന്നിവയാണ് ഇന്ത്യക്ക് മുന്നിലുളള രാജ്യങ്ങൾ.
ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിൽ അഞ്ചാം സ്ഥാനത്തെത്താൻ ഇന്ത്യയെ സഹായിച്ചത് രാജ്യത്തെ ശക്തമായ പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളാണ്. യു.പി.ഐ വഴിയുള്ള സാമ്പത്തിക ഇടപാടുകൾ, കുറഞ്ഞ നിരക്കിലുള്ള മൊബൈൽ ഡാറ്റ, ഗ്രാമീണ മേഖലകളിലേക്കുള്ള ഇന്റർനെറ്റ് വ്യാപനം എന്നിവ ഈ വളർച്ചക്ക് അടിത്തറയിട്ടു. പല വികസിത രാജ്യങ്ങളെയും പിന്നിലാക്കിയാണ് ഇന്ത്യയുടെ ഈ മുന്നേറ്റം.
സോഫ്റ്റ്‌വെയർ കയറ്റുമതി, ഐ.ടി സേവനങ്ങൾ, ക്ലൗഡ് എന്നിവയുൾപ്പെടെ ഡിജിറ്റൽ വഴി വിതരണം ചെയ്ത വ്യാപാരത്തിൽ ഇന്ത്യ ഏകദേശം 328 ബില്യൺ യു.എസ് ഡോളറിന്റെ വരുമാനം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.