അഹമ്മദാബാദ്: പാകിസ്താൻ ആസ്ഥാനമായുള്ള നിരോധിത തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നാരോപിച്ച് ഗുജറാത്ത് ആന്റി ടെററിസം സ്ക്വാഡ്(എ.ടി.എസ്) അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്തു. ബിലാൽ ആബിദ്, മുഹമ്മദ് അയൂബ്, മുഹമ്മദ് പാലൻപുരി, ഷഫിയ റയീസ് മുഖ്തി, മുഹമ്മദ് ഹസൻ കാർഡിയ എന്നിവരാണ് അറസ്റ്റിലായവർ. സിദ്ധ്പൂർ താലൂക്കിലെ ഖാദിയാൽ ഗ്രാമത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ ജൂലൈ 24 വരെ എ.ടി.എസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയിട്ടുണ്ട്.
ജൂലൈ 3ന് എട്ട് പേരെ അറസ്റ്റ് ചെയ്തതോടെയാണ് കേസിന് തുടക്കമായത്. ജെയ്ഷെ മുഹമ്മദ് ഗുജറാത്തിൽ സജീവ ശൃംഖല രൂപീകരിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് അന്വേഷണം നടക്കുന്നത്. അറസ്റ്റിലായവർക്കെതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം(യു.എ.പി.എ) പ്രകാരമുള്ള വിവിധ വകുപ്പുകളും ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
അതിനിടെ, പെട്ടെന്ന് താടി വളർത്തുന്നതും നിഖാബ് ധരിക്കുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ തീവ്രവാദ ലക്ഷണമാണെന്ന് പരാമർശിക്കുന്ന ഗുജറാത്ത് പൊലീസിന്റെ പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജ്യറിൽ വിമർശനം ശക്തമായിട്ടുണ്ട്. സംസ്ഥാനത്ത് പുതുതായി പ്രവർത്തനമാരംഭിച്ച ‘ആന്റി റാഡിക്കലൈസേഷൻ സെല്ലിന്റെ’ (എ.ആർ.സി) ഭാഗമായാണ് ഇന്റലിജൻസ് സൂപ്രണ്ട് പ്രഫുൽ വാനിയ ജൂൺ 15ന് ഈ വിചിത്രമായ മാർഗരേഖ പുറത്തിറക്കിയത്.
സെല്ലിന്റെ മാർഗരേഖയിൽ വ്യക്തികളുടെ പെരുമാറ്റവും വാങ്ങലുകളും അടിസ്ഥാനമാക്കി നിരീക്ഷിക്കേണ്ട കാര്യങ്ങളുടെ ഒരു വലിയ പട്ടിക തന്നെ നിരത്തുന്നുണ്ട്. പെട്ടെന്ന് താടി വളർത്തുക, നിഖാബ് ധരിക്കുക, സംഭാഷണങ്ങളിൽ അറബി വാക്കുകൾ അമിതമായി ഉപയോഗിക്കുക, കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള സമ്പർക്കം കുറക്കക, ആഗോളതലത്തിൽ മുസ്‍ലിം കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളിൽ ശക്തമായ അമർഷം പ്രകടിപ്പിക്കുക, ഭീകരവാദികളെ പുകഴ്ത്തുക, ഗൾഫ് രാജ്യങ്ങൾ അല്ലെങ്കിൽ അഫ്ഗാനിസ്ഥാൻ യാത്രകൾക്ക് ശേഷം സ്വഭാവത്തിൽ മാറ്റമുണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.