ഇന്ത്യ-ശ്രീലങ്ക നാവിക സഹകരണം; കൊളംബോ തീരത്ത് ഡൈവിങ് നടത്തി സൈനികർ -വിഡിയോ

കൊളംബോ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നാവിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാലാമത് ഉഭയകക്ഷി ഡൈവിങ് അഭ്യാസപ്രകടനമായ 'ഐ.എൻ-എസ്.എൽ.എൻ ഡൈവെക്സ് 2026' സമാപിച്ചു. ഏപ്രിൽ 21 മുതൽ 28 വരെ കൊളംബോയിലായിരുന്നു അഭ്യാസങ്ങൾ നടന്നത്.

സമുദ്രസുരക്ഷയിലും പരസ്പര സഹകരണത്തിലും പുതിയ നാഴികക്കല്ലുകൾ പിന്നിട്ടാണ് ഈ സംയുക്ത അഭ്യാസം പൂർത്തിയായത്. ഇന്ത്യൻ നാവികസേനയുടെ ഡൈവിങ് സപ്പോർട്ട് ആൻഡ് സബ്‌മെറൈൻ റെസ്ക്യൂ വെസലായ ഐ.എൻ.എസ് നിരീക്ഷണും ഇരുരാജ്യങ്ങളിലെയും ഡൈവിങ് സംഘങ്ങളും അഭ്യാസങ്ങളിൽ പങ്കെടുത്തു.

കൊളംബോ തീരത്ത് രണ്ടാം ലോകമഹായുദ്ധകാലത്തെ കപ്പലുകളായ എസ്.എസ് വോർസെസ്റ്റർ, എസ്.എസ് പെർസ്യൂസ് എന്നിവയ്ക്ക് സമീപം സംയുക്ത സംഘം 55 മീറ്ററിൽ അധികം ആഴത്തിൽ ഡൈവിങ് നടത്തി. സങ്കീർണമായ അണ്ടർവാട്ടർ സെർച്ച്, റെസ്ക്യൂ, സാൽവേജ് ഓപറേഷനുകൾ എന്നിവയിൽ ഇരുകൂട്ടരും തങ്ങളുടെ പ്രാവീണ്യം തെളിയിച്ചു. ഇന്ത്യയുടെ 'ആരോഗ്യ മൈത്രി' പദ്ധതിയുടെ ഭാഗമായി ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി രണ്ട് 'ഭീഷ്മ്' (BHISM) ക്യൂബുകൾ പരിശീലനത്തിൽ ശ്രീലങ്കയ്ക്ക് കൈമാറി.

പ്രവർത്തനപരമായ പരിശീലനങ്ങൾക്ക് പുറമെ, ബീച്ച് ക്ലീനിങ് ഡ്രൈവ്, യോഗ സെഷനുകൾ, സൗഹൃദ കായിക മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കുകയും ചെയ്തു. ഐ.എൻ.എസ് നിരീക്ഷണിലെ കമാൻഡിങ് ഓഫിസർ ശ്രീലങ്കയിലെ ഐ.പി.കെ.എഫ് സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു.

Full View

തന്ത്രപ്രധാനമായ നാവിക മേഖലയിലെ 'മഹാസാഗർ' എന്ന കാഴ്ചപ്പാടിന് അനുസൃതമായാണ് ഇരുവിഭാഗവും അഭ്യാസപ്രകടനം നടത്തിയത്. ഇന്ത്യ സമുദ്ര മേഖലയിൽ സമാധാനവും സുസ്ഥിരതയും നിലനിർത്തുന്നതിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ ഉദ്യമത്തിലൂടെ വ്യക്തമാകുന്നതെന്ന് ഇന്ത്യൻ നാവികസേന വ്യക്തമാക്കി. ശ്രീലങ്കൻ നാവികസേനയുടെ വെസ്റ്റേൺ നേവൽ ഏരിയ ഫ്ലാഗ് ഓഫിസർ കമാൻഡിങ് റിയർ അഡ്മിറൽ എസ്.ജെ. കുമാര, ഐ.എൻ.എസ് നിരീക്ഷണിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി പരിശീലന രീതികളെ അഭിനന്ദിച്ചു.

Tags:    
News Summary - India-Sri Lanka naval cooperation; Soldiers dive off Colombo coast - Video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.