വീരമൃത്യു വരിച്ച 40 ജവാന്മാരെ ഓർമിച്ച് രാജ്യം; പുൽവാമ ഭീകരാക്രമണത്തിന് ആറു വയസ്സ്

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ഇന്ന് ആറു വയസ്സ്. രാജ്യത്തിനായി വീരമൃത്യു വരിച്ച 40 ധീരജവാന്മാരുടെ ഓർമ്മയിലാണ് രാജ്യം.

2019 ഫെബ്രുവരി 14-നാണ് ജമ്മു കശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ്. ജവാൻമാർ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. ദേശീയപാത 44-ലൂടെ ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന സൈനിക വാഹനവ്യൂഹം. കേന്ദ്ര റിസർവ് പൊലീസ് സേനയിലെ 2500ഓളം സൈനികർ 78 ബസുകളിലായാണ് സഞ്ചരിച്ചിരുന്നത്. അവാന്തിപുരക്കടുത്തുള്ള ലെത്തപ്പോരയിൽ വെച്ചായിരുന്നു ആക്രമണം. വാഹനവ്യൂഹത്തിലേക്ക് 350 കിലോഗ്രാം സ്ഫോടക വസ്തുനിറച്ച കാർ ഓടിച്ചുകയറ്റുകയായിരുന്നു. അവധി കഴിഞ്ഞ് ഡ്യൂട്ടിയിൽ തിരികെ പ്രവേശിക്കാൻ എത്തിയവരായിരുന്നു കൊല്ലപ്പെട്ടവരിൽ ഏറേയും.

ജെയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 12 ദിവസത്തിനുശേഷം നിയന്ത്രണരേഖകടന്ന് പാകിസ്താനിലെ ബാലക്കോട്ടിൽ ഇന്ത്യ മിന്നലാക്രമണം നടത്തുകയുണ്ടായി

അചഞ്ചലമായ സമർപ്പണം ഒരിക്കലും മറക്കില്ല -പ്രധാനമന്ത്രി

ജവാന്മാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിക്കുകയും രാജ്യത്തോടുള്ള അചഞ്ചലമായ സമർപ്പണത്തെ ഓർക്കുകയും ചെയ്തു. 2019-ൽ പുൽവാമയിൽ നമുക്ക് നഷ്ടപ്പെട്ട ധീരരായ വീരന്മാർക്ക് ആദരാഞ്ജലികൾ. വരും തലമുറകൾ അവരുടെ ത്യാഗവും രാജ്യത്തോടുള്ള അവരുടെ അചഞ്ചലമായ സമർപ്പണവും ഒരിക്കലും മറക്കില്ല -പ്രധാനമന്ത്രി എക്സിൽ കുറിച്ചു.

ജവാന്മാരുടെ ധീരതയും രാജ്യത്തോടുള്ള കടമയും തലമുറകൾക്ക് പ്രചോദനമായി തുടരുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.

Tags:    
News Summary - India remembering 40 CRPF personnel killed in 2019 Pulwama attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.