ന്യൂഡൽഹി: എച്ച് 1ബി വിസ പുതുക്കലിന് സമയം മാറ്റി നൽകുന്നതിലൂടെ വൈകിക്കുന്ന പ്രശ്നം കേന്ദ്ര സർക്കാർ അമേരിക്കൻ അധികൃതരുമായി ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കുകയാണെന്ന് വിദേശ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെത്തി അമേരിക്കയിലേക്ക് മടങ്ങാനാകാതെ ബുദ്ധിമുട്ടുന്ന നിരവധി പേരിൽ നിന്ന് നിവേദനങ്ങൾ ലഭിക്കുന്നുണ്ടെന്ന് വിദേശ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇന്ത്യയിലെത്തിയ നൂറുകണക്കിന് പേരാണ് മടങ്ങാനാകാതെ ബുദ്ധിമുട്ടുന്നത്. നേരത്തെ നിശ്ചയിച്ച അപ്പോയ്ന്‍റ്മെന്‍റ് ഷെഡ്യൂൾ പൊടുന്നനെ അടുത്ത വർഷത്തേക്ക് മാറ്റിയെന്നുള്ള അറിയിപ്പാണ് പലർക്കും ലഭിക്കുന്നത്. അത് ജോലിയെയും കുട്ടികളുടെ വിദ്യാഭ്യാസത്തെയും ബാധിക്കുന്ന സ്ഥിതിയാണ് സംജാതമാക്കിയിരിക്കുന്നത്.
പൊതുവേ, എച്ച്-1ബി വിസ പ്രക്രിയ അമേരിക്ക കർക്കശമാക്കിയിട്ടുണ്ട്. കൂടുതൽ രേഖകൾ സമർപ്പിക്കേണ്ടിവരുന്നതുമൊക്കെ എച്ച്-1ബി വിസ അപേക്ഷകരെയും, എച്ച്-4 ആശ്രിത വിസ അപേക്ഷകരെയും മുമ്പില്ലാത്ത പ്രതിസന്ധികളിലേക്ക് നയിക്കുകയാണ്. ഇതുസംബന്ധിച്ച നിർദേശങ്ങൾ കോൺസുലേറ്റുകൾക്ക് അമേരിക്കൻ എംബസി ഇതിനകം കൈമാറിയിട്ടുണ്ട്. ഇതിനൊക്കെ പുറമെ, അപേക്ഷകന്‍റെ സമൂഹമാധ്യമങ്ങളിലെ ഇടപെടൽ വിശദമായി പരിശോധിക്കാനുള്ള അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‍മെന്‍റിന്‍റെ തീരുമാനവും ഈ പ്രക്രിയ കൂടുതൽ സങ്കീർണമാക്കി. അപേക്ഷകർ അമേരിക്കയുടെ സുരക്ഷിതത്വത്തിന് ഭീഷണി ഉയർത്തുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് നടപടിക്രമങ്ങൾ കർശനമാക്കിയതെന്നാണ് അമേരിക്കയുടെ വാദമെന്ന് വിദേശ മന്ത്രാലയ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.