ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം ദേശീയ താൽപര്യത്തിന് എതിരെന്ന് രാംദേവ്

നാഗ്പൂർ: ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്താൻ മത്സരം ദേശീയ താൽപര്യത്തിന് എതിരാണെന്ന് സംഘ്പരിവാർ അനുകൂലിയായ യോഗ പരിശീലകൻ ബാബാ രാംദേവ്. ക്രിക്കറ്റും തീവ്രവാദവും ഒരേസമയം കളിക്കാവുന്ന ഒന്നല്ലെന്നും രാംദേവ് പറഞ്ഞു.

നിയന്ത്രണ രേഖയിൽ സംഘർഷാവസ്ഥ നിലനിൽക്കുമ്പോൾ പാകിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് രാഷ്ട്രധർമത്തിന് എതിരാണ്. രാജ്യതാൽപര്യത്തിന് എതിരാണ് -നാഗ്പൂർ വിമാനത്താവളത്തിൽ രാംദേവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബോളിവുഡ് താരങ്ങൾക്കിടയിലെ ലഹരി ഉപഭോഗം രാജ്യത്തെ യുവതലമുറക്ക് തന്നെ ഭീഷണിയാണ്. മയക്കുമരുന്ന് അടിമത്തത്തെ സിനിമകളിൽ ഹീറോയിസമായി ചിത്രീകരിക്കുന്നതും ജനം മാതൃകയാക്കുന്ന താരങ്ങൾ ഇതിന്‍റെ ഭാഗമാകുന്നതും ജനങ്ങൾക്ക് തെറ്റായ സന്ദേശമാണ് നൽകുക. സിനിമ മേഖല ഈ പ്രശ്നം പരിഹരിക്കണം.

വിദേശത്തെ കള്ളപ്പണം തിരികെയെത്തിയാൽ ഇന്ധനവില കുറയ്ക്കാനാകുമെന്ന പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോൾ, ഇന്ധനവില ക്രൂഡോയിൽ വിലയുമായി ചേർന്നുപോകണമെന്നും നികുതിയിൽ ഇളവ് വരുത്തണമെന്നുമാണ് താൻ പറഞ്ഞതെന്ന് രാംദേവ് ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാറിന് രാജ്യത്തെ നിരവധി ക്ഷേമപ്രവർത്തനങ്ങളും സാമ്പത്തിക വെല്ലുവിളികളും കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇതുകാരണമാണ് സർക്കാറിന് ഇപ്പോൾ നികുതി കുറയ്ക്കാൻ സാധിക്കാത്തത്. എന്നാലും, ഏതെങ്കിലുമൊരു ദിവസം ഈ സ്വപ്നം യാഥാർഥ്യമാകും -രാംദേവ് പറഞ്ഞു. 

നേരത്തെ, അലോപ്പതി ചികിത്സക്കെതിരെ വിവാദപരാമർശം ഉയർത്തി രാംദേവ് പുലിവാലു പിടിച്ചിരുന്നു. അലോപ്പതി മണ്ടൻ ശാസ്​ത്രമാണെന്നും ലക്ഷക്കണക്കിന്​ കോവിഡ്​ രോഗികൾ മരിച്ചുവീണത്​ അലോപ്പതി മരുന്ന്​ കഴിച്ചിട്ടാ​ണെന്നുമായിരുന്നു രാംദേവ്​ ആരോപിച്ചത്. ഇതിനെതിരെ കടുത്ത നിലപാടമായി ഡോക്​ടർമാരുടെ സംഘടനയായ ​െഎ.എം.എ രംഗത്തെത്തിയിരുന്നു. അടിസ്​ഥാന രഹിതമായ ആരോപണമുന്നയിച്ച്​ പൊതുജനങ്ങളെ ചികിത്സയിൽനിന്ന്​ അകറ്റുന്ന രാംദേവിനെ പിടിച്ച്​ തുറങ്കിലടക്കണമെന്ന്​ ഐ.എം.എ ആവശ്യപ്പെട്ടു.

പിന്നീട്, തന്‍റെ പരാമർശം പിൻവലിക്കുന്നുവെന്ന് പ്രസ്താവിച്ചാണ് രാംദേവ് തലയൂരിയത്. കേന്ദ്ര മന്ത്രി ഹർഷവർദ്ധൻ രാംദേവിനെ തള്ളിപ്പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ്താവന പിൻവലിച്ചത്. തന്‍റെ പ്രസ്താവനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നതായും രാംദേവ് പറഞ്ഞു.

Tags:    
News Summary - India-Pakistan T20 World Cup Match Against National Interest Ramdev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.