പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കൻ സന്ദർശനത്തിനായി ന്യൂഡൽഹിയിൽ നിന്ന് പുറപ്പെടുന്നു
ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭ അടക്കം ആഗോള വേദികളിൽ ഇന്ത്യക്ക് വിപുലമായ പങ്ക് കിട്ടേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കൻ യാത്രക്കു മുന്നോടിയായി ‘ദ വാൾ സ്ട്രീറ്റ് ജേണലി’ന് നൽകിയ അഭിമുഖത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ആഗോള തലത്തിൽ ശരിയായ ഇടം നേടിയെടുക്കുന്നതിനായി പ്രവർത്തിച്ചുവരുകയാണ് ഇന്ത്യയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുമായുള്ള ബന്ധം മുമ്പെന്നത്തേക്കാൾ ശക്തമാണെന്ന് മോദി പറഞ്ഞു. ഇന്ത്യ, യു.എസ് നേതാക്കൾ തമ്മിൽ മുമ്പത്തേക്കാൾ വിശ്വാസമുണ്ട്. തന്നെയും തന്റെ രാജ്യത്തെയും എങ്ങനെയാണോ, അതേ നിലയിലാണ് താൻ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത്.
ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാകാൻ അതിർത്തിയിൽ സമാധാനവും സഹിഷ്ണുതയും പുലരണം. പരമാധികാരവും അതിർത്തി ഭദ്രതയും മാനിക്കപ്പെടണം. നിയമവാഴ്ച പരിപാലിച്ച് അഭിപ്രായ ഭിന്നതകൾക്ക് സമാധാനപരമായ പരിഹാരമുണ്ടാക്കണം. അതേസമയം, പരമാധികാരവും അന്തസ്സും സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. യുക്രെയ്ൻ-റഷ്യ വിഷയത്തിൽ ഇന്ത്യ നിഷ്പക്ഷമായി പെരുമാറുന്നുവെന്ന് ചിലർ പറയുന്നു. എന്നാൽ, ഇന്ത്യ ഇക്കാര്യത്തിൽ നിഷ്പക്ഷമല്ല; സമാധാനത്തിന്റെ പക്ഷത്താണ്. അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങളുടെ പരമാധികാരവും മാനിക്കാൻ എല്ലാവരും തയാറാകണം. തർക്കങ്ങൾ യുദ്ധം നടത്തിയല്ല, നയതന്ത്ര-സംഭാഷണ മാർഗങ്ങളിലൂടെയാണ് പരിഹരിക്കേണ്ടത്. സംഘർഷം അവസാനിപ്പിക്കാൻ കഴിയാവുന്നതെല്ലാം ഇന്ത്യ ചെയ്യും.
റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെ ചെറുക്കാൻ ശക്തമായ നിലപാട് മോദിസർക്കാർ സ്വീകരിക്കുന്നില്ലെന്ന കാഴ്ചപ്പാട് പ്രധാനമന്ത്രി തള്ളി.
ഇത്തരം കാഴ്ചപ്പാടുകൾ യു.എസിൽ വ്യാപകമായി ഉണ്ടെന്ന് താൻ കരുതുന്നില്ല. ഇന്ത്യയുടെ നിലപാട് ലോകത്തിനാകെ അറിയാം. സമാധാനത്തിനാണ് ഇന്ത്യ ഏറ്റവും മുന്തിയ പരിഗണന നൽകുന്നത് -മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.