ന്യൂഡൽഹി : പാക് അധിനിവേശ കശ്മീരിൽ പാകിസ്താനിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ സന്ദർശനം നടത്തിയതിൽ ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും ലംഘിക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ജെയ്ൻ മാരിയറ്റാണ് മറ്റൊരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനൊപ്പം പാക് അധിനിവേശ കശ്മീരിലെ മിർപൂർ സന്ദർശിച്ചത്. സന്ദർശന ശേഷം ഹൈക്കമ്മീഷണർ ചിത്രങ്ങൾ എക്സിൽ പങ്കുവെച്ചിരുന്നു. എഴുപത് ശതമാനം ബ്രിട്ടീഷ് പാകിസ്താനികളുടെ വേരുകൾ മിർപൂരിൽ നിന്നാണെന്ന് എക്സിൽ പങ്കുവെച്ച ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
അതേസമയം, ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ പ്രതിഷേധം അറിയിച്ചതായി മന്ത്രാലയം അറിയിച്ചു. ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി നിലകൊള്ളുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറിൽ പാകിസ്താനിലെ യു.എസ് സ്ഥാനപതി പാക് അധിനിവേശ കശ്മീർ സന്ദർശിച്ചപ്പോൾ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.