അക്രമം അവസാനിപ്പിച്ച് ജനാധിപത്യത്തിലേക്ക് മടങ്ങാൻ മ്യാൻമറിനോട് ഇന്ത്യയും ജപ്പാനും

ന്യൂഡൽഹി: മ്യാൻമറിൽ തുടർന്നു കൊണ്ടിരിക്കുന്ന കലാപങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യയും ജപ്പാനും. അക്രമങ്ങൾ ഉടൻ അവസാനിപ്പിച്ച് ജനാധിപത്യത്തിന്‍റെ പാതയിലേക്ക് മടങ്ങണം. മ്യാൻമറിലെ എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കണമെന്നും ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മ്യാൻമറിലെ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാൻ സൗത്ത്-ഈസ്റ്റ് ഏഷ്യൻ നേഷൻസ് അസോസിയേഷൻ (ആസിയാൻ) നടത്തുന്ന ശ്രമങ്ങൾക്ക് ഇരു പ്രധാനമന്ത്രിമാരും പിന്തുണ അറിയിച്ചു. സംഭാഷണം, മാനുഷിക സഹായം, അക്രമം അവസാനിപ്പിക്കൽ എന്നിവക്ക് ഊന്നൽ നൽകി ഈ വിഷയങ്ങളിൽ ഒരു സമവായത്തിലെത്തണമെന്ന് ആസിയാൻ മ്യാൻമറിനോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന സൈനിക അട്ടിമറിയെ തുടർന്ന് മ്യാൻമറിന്‍റെ ഭരണം സൈന്യം ഏറ്റെടുത്തിരുന്നു. സൈനിക ഭരണത്തെ എതിർക്കുന്നവരെ അടിച്ചമർത്താനായി സൈന്യം രാജ്യവ്യാപകമായി അക്രമണങ്ങളഴിച്ചു വിട്ടു.

കൂട്ടക്കൊലകൾ, പീഡനങ്ങൾ, അറസ്റ്റുകൾ, സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടങ്ങി ഭരണകൂടത്തിന്റെ അധികാര ദുരുപയോഗങ്ങൾ യുദ്ധക്കുറ്റങ്ങൾക്ക് സമാനമാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് (എച്ച്.ആർ.ഡബ്ല്യു) പറഞ്ഞു.

അട്ടിമറിക്ക് ശേഷം സുരക്ഷാ സേന കുറഞ്ഞത് 1,600 പേരെ കൊലപ്പെടുത്തുകയും 12,000-ത്തിലധികം പേരെ തടവിലാക്കിയെന്നുമാണ് കണക്കുകൾ. 5,00,000-ത്തിലധികം ആളുകൾ രാജ്യത്ത് നിന്നും പാലായനം ചെയ്തു. ഇതിൽ പതിനായിരക്കണക്കിനാളുകൾ തായ്‌ലൻഡിലേക്കും ഇന്ത്യയിലേക്കും പാലായനം ചെയ്തുവെന്നാണ് യു.എൻ പുറത്തുവിട്ട കണക്കുകൾ.

Tags:    
News Summary - India, Japan Urge Myanmar To End Violence, Return To Democracy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.