ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയുമായുള്ള ചങ്ങാത്തം മുറുകുന്നതിനൊപ്പം ചൈന-ഇന്ത്യ ബന്ധത്തിൽ കൂടുതൽ വിള്ളലുകൾ. ഭീകരതയുടെ കാര്യത്തിൽ പാകിസ്താനെതിരെ മോദിയും ട്രംപും ചേർന്ന് നടത്തിയ പ്രസ്താവനയോട് ചൈന പരോക്ഷമായി വിയോജിച്ചു. സിക്കിം അതിർത്തിയിൽ ഭൂട്ടാനെ മുന്നിൽ നിർത്തി കളിക്കുകയാണ് ഇന്ത്യ ചെയ്യുന്നതെന്ന ആരോപണവും ചൈന ഉന്നയിച്ചു.
അതിർത്തി കടന്നുള്ള ഭീകരതക്ക് സ്വന്തം മണ്ണ് ഉപയോഗപ്പെടുത്തുന്നില്ലെന്ന് പാകിസ്താൻ ഉറപ്പുവരുത്തണമെന്ന് ഇന്ത്യയും അമേരിക്കയും ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെ, ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് ബുധനാഴ്ച നടത്തിയ പരാമർശങ്ങൾ പാകിസ്താന് പിന്തുണ നൽകുന്നതാണ്. ഭീകരതക്കെതിരായ പോരാട്ടത്തിെൻറ മുൻനിരയിൽ പാകിസ്താൻ ഉണ്ടെന്ന് ലു കാങ് പറഞ്ഞു.
ഭീകരതക്കെതിരായ അന്താരാഷ്ട്ര സഹകരണം വർധിക്കുക തന്നെ വേണം. ഇക്കാര്യത്തിൽ പാകിസ്താൻ നടത്തുന്ന ശ്രമങ്ങൾക്ക് പൂർണ ബഹുമതി അന്താരാഷ്ട്ര സമൂഹം നൽകേണ്ടതുണ്ട്. രാജ്യങ്ങൾ തമ്മിൽ സൗഹാർദപരമായ സഹകരണം ഉണ്ടാക്കുന്നതിൽ ചൈനക്ക് സേന്താഷമുണ്ടെന്ന് ഇന്ത്യ-അമേരിക്ക നിലപാട് സൂചിപ്പിച്ച് വക്താവ് കൂട്ടിച്ചേർത്തു. അത്തരം ബന്ധങ്ങൾ മേഖലയുടെ സമാധാനവും സുസ്ഥിരതയും ഉയർത്തിപ്പിടിക്കുന്നതിൽ ക്രിയാത്മകമായ പങ്ക് വഹിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സിക്കിമിനോടു ചേർന്ന അതിർത്തിയിലെ വിഷയത്തിൽ ചൈന നിലപാട് കൂടുതൽ കടുപ്പിച്ചു. സിക്കിം മേഖലയിൽ തങ്ങൾ നടത്തിവരുന്ന റോഡു നിർമാണം ന്യായയുക്തമാണെന്നും കൈലാസ മാനസസരോവർ തീർഥാടകർക്ക് ഭാവിയിൽ യാത്രാനുമതി നൽകുന്നത് ഇന്ത്യ സ്വീകരിക്കുന്ന തെറ്റുതിരുത്തൽ നടപടികളെ ആശ്രയിച്ചിരിക്കുമെന്നും വക്താവ് വ്യക്തമാക്കി. ചൈനയുമായി നയതന്ത്രബന്ധമില്ലാത്ത ഭൂട്ടാെൻറ താൽപര്യപ്രകാരമാണ് സിക്കിം മേഖലയിലെ ദോങ്ലാങ്ങിൽ റോഡ് നിർമാണത്തെ ഇന്ത്യ എതിർക്കുന്നതെന്നും വക്താവ് സൂചിപ്പിച്ചു.
ലോകം അംഗീകരിച്ച പരമാധികാരരാജ്യമാണ് ഭൂട്ടാൻ. പരമാധികാരത്തെ അംഗീകരിക്കണം. ചൈന-ഭൂട്ടാൻ അതിർത്തി രേഖപ്പെടുത്തിയിട്ടുള്ളതല്ല. ഇൗ വിഷയത്തിൽ മൂന്നാംകക്ഷി ഇടപെടരുത്. നിരുത്തരവാദ പരാമർശമോ പ്രവൃത്തിയോ നടത്താൻ പാടില്ല. ഏതെങ്കിലും മൂന്നാം കക്ഷി ഒളിയജണ്ടയുമായി ഇടപെടുന്നത് ഭൂട്ടാെൻറ പരമാധികാരത്തെ അനാദരിക്കലാണ്.
ചൈനയുടെ ഭൂപരിധിയിലാണ് റോഡ് നിർമാണം നടക്കുന്നത്. ആ പ്രദേശം ഇന്ത്യയുടേതോ ഭൂട്ടാെൻറയോ അല്ല. ഒരു രാജ്യത്തിനും ഇക്കാര്യത്തിൽ ഇടപെടാൻ അവകാശമില്ല. പുരാതന കാലം മുതൽ തന്നെ ദോങ്ലാങ് ചൈനയുടെ ഭൂവിഭാഗമാണ്. അത് തർക്കരഹിതമാണ്. ഇക്കാര്യത്തിൽ തങ്ങൾക്ക് നിയമപിൻബലമുണ്ട്. എന്നാൽ, ഇൗ പ്രദേശത്തെച്ചൊല്ലി വിഷയമുണ്ടാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. 1890ൽ സിക്കിമിെൻറ കാര്യത്തിൽ ഉണ്ടാക്കിയ ചൈന-ബ്രിട്ടീഷ് ഉടമ്പടി പ്രകാരം ചൈനയുടെ ഭാഗമായി നിൽക്കുന്ന പ്രദേശത്താണ് റോഡുനിർമാണം നടക്കുന്നത്.
ഇന്ത്യൻ തീർഥാടകരെ വിലക്കി നാഥുലാപാസ് അടച്ച തീരുമാനത്തെയും ചൈന ന്യായീകരിച്ചു. ഇന്ത്യ-ചൈന ബന്ധം മുൻനിർത്തി ഇന്ത്യൻ തീർഥാടകർക്ക് വലിയ സൗകര്യം നൽകുകയാണ് ചൈന ചെയ്തത്. രണ്ടുരാജ്യങ്ങളുടെയും നേതാക്കൾ ഉണ്ടാക്കിയ സമവായം അനുസരിച്ച് 2015ൽ ഇന്ത്യൻ തീർഥാടകർക്കായി നാഥുലാ പാസ് തുറന്നു കൊടുക്കുകയായിരുന്നു.
രണ്ടുവർഷമായി ആ തീരുമാനം നല്ല നിലക്ക് നടപ്പായി. ഇക്കൊല്ലവും തീർഥാടകരെ സ്വീകരിക്കാൻ ചൈന തയാറെടുത്തിരുന്നതാണ്. എന്നാൽ, യാത്ര വിലക്കിയത് അതിർത്തിയിലെ സാഹചര്യങ്ങൾ മുൻനിർത്തിയുള്ള അടിയന്തര പ്രതികരണമാണ്. തീർഥാടകരുടെ യാത്ര തുടരാൻ പറ്റിയ സാഹചര്യം ഉണ്ടാകണം. അതിനുള്ള പൂർണ ബാധ്യത ഇന്ത്യക്കാണ്. തെറ്റുതിരുത്തുേമ്പാൾ ചുരം വീണ്ടും തുറക്കുമെന്ന് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.