വാഷിങ്ടൺ: ഇന്ത്യ- യൂറോപ്യൻ യൂനിയൻ സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിച്ചതോടെ യൂറോപ്പിൽ ഇന്ത്യക്ക് വലിയൊരു മാർക്കറ്റാണ് തുറക്കപ്പെട്ടതെന്നും കരാർ ഇന്ത്യക്ക് അനുകൂലമാകുന്ന തരത്തിലാണെന്നും ട്രംപ് ഭരണകൂടം. ഇന്ത്യക്ക് ഇനി വരുന്നത് പ്രതാപകാലമാണെന്നും ട്രംപിന്‍റെ വ്യാപാര പ്രതിനിധിയായ ജെമിസൺ ഗ്രീർ അറിയിച്ചു.
ഇന്ത്യ ഇക്കാര്യത്തിൽ മുന്നിലാണെന്നും യൂറോപ്യൻ വിപണിയിൽ അവർക്ക് കൂടുതൽ പ്രവേശനമുണ്ടെന്നും ഗ്രീർ കൂട്ടിച്ചേർത്തു.
ആഗോളവത്കരണവുമായി ബന്ധപ്പട്ട പ്രശ്നങ്ങളെ യു.എസ് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ യൂറോപ്യൻ യൂനിയൻ പ്രശ്നങ്ങളെ ഇരട്ടിയാക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
താരിഫ് ഇളവുകൾക്കായി, റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട യു.എസിന്‍റെ ആശങ്കകൾ പരിഹരിക്കാൻ ഇന്ത്യ കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും റഷ്യൻ എണ്ണ വാങ്ങുന്നതിൽ കിഴിവ് ലഭിക്കുന്നതിനാൽ ഇറക്കുമതി പൂർണമായും നിർത്താൻ ഇന്ത്യക്ക് ബുദ്ധിമുട്ടാണെന്നും ഗ്രീർ പറഞ്ഞു.
ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനുള്ള കരാർ ഇപ്പോഴും അകലെയാണെന്നാണ് ഈ അഭിപ്രായങ്ങൾ സൂചിപ്പിക്കുന്നത്. ട്രംപിന്റെ 50 ശതമാനം താരിഫ് കുറയ്ക്കാനുള്ള കരാറിനെക്കുറിച്ച് യു.എസ്, ഇന്ത്യൻ ഉദ്യോഗസ്ഥർ മാസങ്ങളായി ചർച്ചകൾ നടത്തിവരികയാണ്. ഇന്ത്യയുടെ എണ്ണ വാങ്ങലുകൾ യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ സഹായിക്കുന്നു എന്ന് ആരോപിച്ചാണ് ട്രംപ് കഴിഞ്ഞ വർഷം താരിഫ് ഏർപ്പെടുത്തിയത്.
വിലക്കുറവിൽ ലഭിക്കുന്ന റഷ്യൻ ക്രൂഡ് ഓയിൽ ഇന്ത്യൻ ഇറക്കുമതിയുടെ പ്രധാന ഭാഗമായി 2026ലും തുടരുമെന്ന് വിദഗ്ധർ പറയുന്നു.
ഇന്ത്യയും യൂറോപ്യൻ യൂനിയനും ചൊവ്വാഴ്ച സ്വതന്ത്ര വ്യാപാര കരാർ പ്രഖ്യാപിച്ചിരുന്നു. ഏകദേശം രണ്ട് പതിറ്റാണ്ട് നീണ്ട ചർച്ചകൾക്ക് ശേഷമാണിത്. എല്ലാ ഇടപാടുകളുടെയും മാതാവ് എന്നാണ് യൂറോപ്യൻ യൂനിയന്‍റെ എക്സിക്യൂട്ടീവ് ബ്രാഞ്ച് തലവൻ കരാറിനെ വിശേഷിപ്പിച്ചത്. ഇത് യൂറോപ്യൻ യൂനിയനിലെ 27 അംഗരാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാരം ഉറപ്പാക്കും.
തുണിത്തരങ്ങൾ മുതൽ മരുന്നുകൾ വരെ എല്ലാം ഇതിൽ ഉൾപ്പെടും. കൂടാതെ യൂറോപ്യൻ വൈനിനും കാറുകൾക്കും ഇന്ത്യയിലെ ഉയർന്ന ഇറക്കുമതി നികുതി കുറയ്ക്കും. കരാർ പ്രാബല്യത്തിൽ വരാൻ ഇനിയും മാസങ്ങൾ എടുത്തേക്കാം.
ഈ കരാർ ഇന്ത്യയിലെയും യൂറോപ്പിലെയും ജനങ്ങൾക്ക് പ്രധാന അവസരങ്ങൾ കൊണ്ടുവരും. ഇത് ആഗോള ജിഡിപിയുടെ 25 ശതമാനത്തെയും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്ന് ഭാഗത്തെയും പ്രതിനിധീകരിക്കുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.