ചോദ്യങ്ങളോ ചർച്ചകളോ അനുവദിക്കാത്ത പ്രത്യേക ജനാധിപത്യ രാജ്യമാണ് ഇന്ത്യ-പി. ചിദംബരം

ന്യൂഡല്‍ഹി: ചോദ്യങ്ങള്‍ ചോദിക്കാനോ ചര്‍ച്ചകള്‍ നടത്താനോ അനുവദിക്കാത്ത ഒരു പ്രത്യേകതരം പാര്‍ലമെന്‍ററി ജനാധിപത്യ രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ലഡാക്ക് വിഷയത്തില്‍ പാര്‍ലമെന്‍റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അനുമതി നിഷേധിച്ച നടപടി ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പി. ചിദംബരത്തിന്‍റെ പരിഹാസ പൂർണമായ ട്വീറ്റ്.

കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള അതിര്‍ത്തിയിലെ ഏറ്റുമുട്ടലിനെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ പ്രസ്താവനക്ക് ശേഷം കോണ്‍ഗ്രസിനെ സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ലോക് സഭയില്‍ നിന്ന് ഇറങ്ങി പാര്‍ലമെന്‍റ് ഹൗസ് സമുച്ചയത്തിലെ മഹാത്മാഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.

അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ കേന്ദ്രം സ്വീകരിച്ച നിലപാടിനെതിരേയും ചിദംബരം വിമര്‍ശനം ഉന്നയിച്ചു. 'നാട്ടിലേക്ക് മടങ്ങിവരും വഴിയോ വീട്ടിലെത്തിയ ശേഷമോ മരിച്ച അതിഥി തൊഴിലാളുകളുടെ വിവരങ്ങളൊന്നും സൂക്ഷിക്കാത്ത ഒരുപ്രത്യേകതരം രാജ്യമാണ് ഇന്ത്യ' എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ സാമ്പത്തിക രംഗം നേരിടുന്ന തകർച്ചയേയും ചിദംബരം പരിഹസിച്ചു. 'സാമ്പത്തികരംഗത്ത് അത്യധികം വളർച്ച നേടിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് മേനി പറഞ്ഞതിന് ശേഷം മൂന്ന് മാസത്തിനകം ഏറ്റവും വളർച്ച കുറഞ്ഞ രാജ്യമായി മാറാൻ കഴിയുന്ന അദ്ഭുതരാജ്യമാണ് ഇന്ത്യ' എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.