ശ്രീനഗർ: സിന്ധു നദീജല കരാറിൽ പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിർത്തിവെച്ച ഇന്ത്യ, പാക് നിയന്ത്രണത്തിലുള്ള ചെനാബ് നദിയിൽ വൻ ജലവൈദ്യുത പദ്ധതിക്ക് ടെൻഡർ ക്ഷണിച്ചു. 1856 യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന 22704.8 കോടിയുടെ വൻ പദ്ധതിയാണ് രാജ്യം നടപ്പാക്കാനൊരുങ്ങുന്നത്.
പഹൽഗാം ആക്രമണത്തിനുശേഷം സിന്ധു നദീജല ഉടമ്പടിയിൽ മാറ്റം വരുത്തിയ ഇന്ത്യ പാകിസ്ഥാനിലേക്കുള്ള ജലവിതരണം നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ രാജ്യത്തിന് ലഭിക്കുന്ന ജലം കൂടുതൽ ഉപകാരപ്രദമായ പദ്ധതിക്കായി ഉപയോഗിക്കുക എന്നാണ് ഗവൺമെന്റ് ഉദ്ദേശിക്കുന്നത്.
ഇൻഡസ്‍ കരാർപ്രകാരം ബിയാസ്, രവി, സത്‍ലജ് നദികളിലെ ജലത്തിന്റെ നിയന്ത്രണം ഇന്ത്യക്കും ഇൻഡസ്, ചെനാബ്, ഝലം നദികളുടെ നിയന്ത്രണം പാകിസ്ഥാനുമാണ്. ഇതിൽ ചെനാബിലാണ് ഇപ്പോൾ പദ്ധതി ഒരുങ്ങുന്നത്. പാക് നിയന്ത്രണമുള്ള പടിഞ്ഞാറോട്ടൊഴുകുന്ന നദികളിൽ ഒരുഭാഗം ഇന്ത്യക്ക് ആവശ്യത്തിന് ഉപയോഗിക്കാമെന്ന് കരാറിലുണ്ട്.
നേരത്തെ വർഷങ്ങൾ മുമ്പുതന്നെ തീരുമാനിച്ച പദ്ധതിയാണിത്. പാകിസ്ഥാന്റെ എതിർപ്പും പലതരത്തിലുള്ള സാങ്കേതികമായ വിവിധ കാരണങ്ങളാലും നടക്കാതെ പോവുകയായിരുന്നു. പ്രധാനമായും 13 ഗ്രാമങ്ങളിലെ ജനങ്ങൾക്കുള്ള നഷ്ടപരിഹാരം, നഷ്ടപ്പെടുന്ന വനഭൂമിയും അതിന് വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാനുള്ള തടസ്സം, റംബാനിലുള്ള ആർമി ക്യാമ്പ് മാറ്റി സ്ഥാപിക്കുന്നതിലുള്ള ബുദ്ധിമുട്ട് എന്നിവ വലിയ തലവേദനയായിരുന്നു ഗവൺമെന്റിന്.
1980 ൽ തന്നെ തീരുമാനിക്കപ്പെട്ടതായിരുന്നു പദ്ധതിയെന്നും എന്നാൽ നീണ്ടുപോയതായും ജമ്മു-കശ്മീർ മുഖ്യമന്ത്രി പറഞ്ഞു. 1996 ൽ നോർവീജിയൻ കൺസോർഷ്യവുമായി ചർച്ച ചെയ്ത് പദ്ധതി പുനരാരംഭിക്കാൻ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുല്ലയും ശ്രമിച്ചിരുന്നു. എന്നാൽ തുടർ നടപടി ഉണ്ടായില്ല. പിന്നീട് ഉമർ കഴിഞ്ഞ ടേമിൽ മുഖ്യമന്ത്രിയായപ്പോഴും പദ്ധതി പുനരുജ്ജീവിപ്പിക്കാൻ തുടങ്ങി. അതും തടസ്സപ്പെട്ടു.
പദ്ധതിമൂലം നിർമാർജനം ചെയ്യപ്പെടുന്നത് 847 ഹെക്ടർ വനഭൂമിയാണ്. എന്നാൽ ഇത്രയും വനഭൂമി പദ്ധതിക്കായി ഉപയോഗിക്കുന്നതിന് വനം അഡ്വൈസറി കമ്മിറ്റി പ്രാഥമികമായി അനുമതി നൽകിയിട്ടുണ്ട്. ഇതൊരു അഭിമാന നിമിഷമാണെന്ന് റംബാൻ എം.എൽ.എ അർജുൻ സിങ് രാജു പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.