ഇന്ത്യ നേപ്പാളിന് അത്യാധുനിക സംവിധാനമുള്ള പത്ത് വെന്‍റിലേറ്ററുകൾ നൽകി

കാഠ്മണ്ഡു: ഇന്ത്യ നേപ്പാളിന് അത്യാധുനിക സംവിധാനമുള്ള പത്ത് വെന്‍റിലേറ്ററുകൾ കൈമാറി. ചീഫ് ഓഫ് ആർമി സ്റ്റാഫ് ജനറൽ പൂർണചന്ദ്ര നേപ്പാളിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വത്രക്കാണ് വെന്‍റിലേറ്ററുകൾ കൈമാറിയത്. 28 മില്യൺ രൂപ വിലമതിക്കുന്നവയാണിത്. ഉയർന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചവയാണിവ. ഏത് സാഹചര്യത്തിലും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതാണ്. സൂക്ഷമ രോഗാണുക്കളെ വരെ ചെറുക്കാൻ ശേഷിയുള്ളതാണ് ഈ വെന്‍റിലേറ്ററുകൾ.

'ഇന്ത്യ സാമൂഹ്യ-മനുഷ്യത്വപരമായ പ്രതിബദ്ധതയുടെ ഭാഗമായാണ് വെന്‍റിലേറ്ററുകൾ കൈമാറിയത്. ഇതിലൂടെ ഇരു രാജ്യങ്ങൾക്കിടയിലെയും സഹകരണം മെച്ചപ്പെടുത്താനാവും'- എംബസി പറഞ്ഞു. കോവിഡിനെ ലോകത്തുനിന്ന് തുരത്താൻ ഇന്ത്യയുടെ പരമാവധി സഹായം നേപ്പാളിനുണ്ടാവുമെന്നും അംബാസഡർ പറഞ്ഞു. നേപ്പാളിൽ 22,592 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപോർട്ട് ചെയ്തത്. 73 ആളുകളാണ് മരിച്ചത്.

അതേസമയം രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 21,53,011 ആയി. നിലവിൽ 6,28,747 പേരാണ് ചികിത്സയിൽ തുടരുന്നത്. 14,80,885 പേർ രോഗമുക്തി നേടിയപ്പോൾ ആകെ മരണം 43,379 ആയി. കഴിഞ്ഞ 24 മണിക്കൂറിൽ 64,399 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 861 പേർ മരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് 60,000ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.

രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ നിരക്കിൽ വർധനവുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗമുക്തി നിരക്ക് 68 ശതമാനത്തിലെത്തി. മരണനിരക്ക് രണ്ട് ശതമാനത്തിലേക്ക് താഴ്ന്നെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രപ്രദേശ്, കർണാടക, ഡൽഹി, യു.പി എന്നിവയാണ് കോവിഡ് കേസുകളിൽ മുന്നിട്ടുനിൽക്കുന്ന സംസ്ഥാനങ്ങൾ. കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയിൽ ശനിയാഴ്ച രോഗികളുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. 1,47,355 പേരാണ് മഹാരാഷ്ട്രയിൽ നിലവിൽ ചികിത്സയിലുള്ളത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.