ന്യൂഡൽഹി: രാജ്യത്തെ മൂന്നു സേനകൾക്കും ഒറ്റ മേധാവിയെ നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷസമിതി അനുമതി നൽകി. കര, വ്യോമ, നാവിക സേനകളെ ഏകോപിപ്പിക്കാൻ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ (സി.ഡി.എസ്) നിയമിക്കുമെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ പ്രഖ്യാപിച്ചിരുന്നു.
കാർഗിൽ യുദ്ധത്തിെൻറ പശ്ചാത്തലത്തിൽ നിയോഗിച്ച കെ. സുബ്രഹ്മണ്യം സമിതി മുന്നോട്ടുവെച്ച നിർദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. സംയുക്ത സേന മേധാവിയുടെ ചുമതലകൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിെൻറ നേതൃത്വത്തിലുള്ള ഉന്നതസമിതിയോട് നിർദേശിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടും മന്ത്രിസഭ സുരക്ഷസമിതി അംഗീകരിച്ചു.
ഫോർ സ്റ്റാർ പദവിയിലിരിക്കുന്ന കര, നാവിക, വ്യോമ സേനാ മേധാവികളിൽ ഒരാളാകും ചീഫ് ഡിഫൻസ് ഓഫീസറായി വരിക. സംയുക്ത സൈനിക മേധാവിക്കും ഫോർ സ്റ്റാർ റാങ്കാകും നൽകുക. അതേസമയം, ആരാകും ചീഫ് ഓഫ് ഡിഫൻസ് ആകുകയെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടില്ല.
കരസേനാ മേധാവി ബിപിൻ റാവത്ത് ആദ്യ ചീഫ് ഓഫ് ഡിഫൻസാകുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. 64 വയസായിരിക്കും സംയുക്ത സൈനിക മേധാവിയുടെ വിരമിക്കൽ പ്രായം. ബിപിൻ റാവത്ത് സംയുക്ത സൈനിക മേധാവിയായാൽ അദ്ദേഹത്തിന് മൂന്ന് വർഷം തസ്തികയിൽ തുടരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.