‘അടിസ്ഥാനരഹിതം, പരിഹാസ്യം!,’ പാക് വിമാനത്തിന് വ്യോമാനുമതി നിഷേധിച്ചു​വെന്ന ആരോപണം തള്ളി ഇന്ത്യ

ന്യൂഡൽഹി: ശ്രീലങ്കക്ക് സഹായമെത്തിക്കാൻ അയച്ച വിമാനങ്ങൾക്ക് വ്യോമാനുമതി നിഷേധിച്ചു എന്ന പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ. ആരോപണം അടിസ്ഥാന രഹിതവും പരിഹാസ്യവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജൈസ്‍വാൾ പറഞ്ഞു.

തിങ്കളാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് പാകിസ്താൻ അനുമതി തേടിയതെന്നും അ​ന്നുതന്നെ, അഞ്ചുമണിക്കൂറിന് ശേഷം, വൈകീട്ട് 5.30ഓടെ അനുമതി നൽകിയെന്നും ഇന്ത്യ വ്യക്തമാക്കി. ഇന്ത്യൻ അനുമതി വൈകിയെന്ന പാകിസ്താൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ ഇന്ത്യാവിരുദ്ധത പ്രചരിപ്പിക്കാനുള്ള മറ്റൊരു നീക്കമായി മാത്രമേ കണക്കാക്കാനാവൂ എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ശ്രീലങ്കയിലേക്ക് സഹായവുമായി പോയ പ്രത്യേക വിമാനത്തിന് 48 മണിക്കൂറി​ന്​ ശേഷമാണ് ഇന്ത്യ അനുമതി നൽകിയതെന്നും ഇത് 60 മണിക്കൂർ വിമാനം വൈകാൻ കാരണമായെന്നുമായിരുന്നു പാകിസ്താന്റെ ആരോപണം.

ദിത്വ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ശ്രീലങ്കയിൽ 410ലധികം പേർ മരിക്കുകയും 336 പേരെ കാണാതാകുകയും ചെയ്തതായാണ് ഔദ്യോഗിക കണക്കുകൾ. ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ വീടുകളും റോഡുകളും നഗരങ്ങളുമെല്ലാം വെള്ളത്തിനടിയിലായി. കിഴക്കൻ ട്രി​ങ്കോമലി മേഖലയിൽ ആഞ്ഞടിച്ച ദിത്വ ചുഴലിക്കാറ്റിന് പിന്നാലെയാണ് പ്രളയവും മണ്ണിടിച്ചിലും ദ്വീപ് രാജ്യത്ത് നാശം വിതച്ചത്.

രാജ്യത്തുടനീളം 15,000 വീടുകൾ തകർന്നിട്ടുണ്ട്. കുഴിയൊഴിപ്പിക്കപ്പെട്ട 44,000 പേരെ താൽകാലിക ഷെൽട്ടറിലേക്ക് മാറ്റി. 12,313 കുടുംബങ്ങളെയും 43,991 പേരെയും പ്രളയവും മണ്ണിടിച്ചിലും ബാധിച്ചു. കൊളംബോയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ബദുള്ള, നുവാര എലിയ തുടങ്ങിയ തേയിലത്തോട്ട പ്രദേശങ്ങളിൽ വ്യാഴാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ 25 ലധികം പേരാണ് മരിച്ചത്. നിരവധി പേരെ കാണാതാവുകയും ചെയ്തു.

അതേസമയം, ദുരിതബാധിത മേഖലയിൽ ‘ഓപ്പറേഷൻ സാഗർ ബന്ധു’ എന്ന​ പേരിൽ ഇന്ത്യൻ വ്യോമസേനയുടെ രക്ഷാദൗത്യം തുടരുകയാണ്​. ദുരന്തബാധിത മേഖലയിൽ സഹായത്തിനും ദുരിതാശ്വാസമെത്തിക്കാനുമായി സി -130, ഐ.എൽ -76 എയർക്രാഫ്​റ്റുകൾ വഴി അർധസൈനിക​രെ മേഖലയിൽ വ്യോമസേന വിന്യസിച്ചിട്ടുണ്ട്​.


Tags:    
News Summary - India dismisses Pakistans claim of delayed airspace clearance for Sri Lanka aid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.