ലഫ്. ജനറൽ രാഹുൽ ആർ. സിങ്
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിൽ നിന്ന് ഇന്ത്യ നിരവധി പാഠങ്ങൾ പഠിച്ചെന്ന് ഇന്ത്യൻ സൈന്യത്തിന്റെ ഉപമേധാവിയുടെ വെളിപ്പെടുത്തൽ. അതിർത്തിയിൽ ഇന്ത്യ നേരിട്ടത് പാകിസ്താൻ, ചൈന, തുർക്കിയ എന്നീ മൂന്ന് ശത്രുക്കളെയാണെന്നും അതിൽ ചൈന തങ്ങളുടെ ആയുധങ്ങൾ പരീക്ഷിക്കാനുള്ള പരീക്ഷണശാലയാക്കി സംഘർഷത്തെ മാറ്റിയെന്നും ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ രാഹുൽ ആർ. സിങ് വെളിപ്പെടുത്തി. ആധുനിക യുദ്ധമുഖത്തെ സങ്കീർണത വ്യക്തമാക്കുന്ന സംഘർഷമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
26 പേർ കൊല്ലപ്പെട്ട ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്നായിരുന്നു ഇന്ത്യ-പാക് സംഘർഷം ഉടലെടുത്തത്. പാകിസ്താന് തിരിച്ചടി നൽകാൻ ‘ഓപറേഷൻ സിന്ദൂർ’ എന്ന പേരിൽ ആക്രമണം നടത്തിയ ഇന്ത്യക്ക് ആദ്യ രണ്ടുനാളിൽ തിരിച്ചടി നേരിട്ടതും യുദ്ധവിമാനം നഷ്ടമായതും ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ വിദേശത്ത് പോയി പറഞ്ഞത് വിവാദമായിരുന്നു. അതിന് ശേഷമാണ് ഇന്ത്യൻ സൈന്യത്തിലെ രണ്ടാമത്തെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥന്റെ തുറന്നുപറച്ചിൽ.
ന്യൂഡൽഹിയിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ചടങ്ങിലാണ് ഓപറേഷൻ സിന്ദൂറിനെ കുറിച്ച് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗത്തു നിന്ന് ഇത്രയും വസ്തുതകൾ ഇതാദ്യമായി പുറത്തുവിടുന്നത്. അതിർത്തിയിൽ രണ്ട് ശത്രുക്കളാണുണ്ടായിരുന്നത്. ശരിക്കും അത് മൂന്നായി മാറി. പാകിസ്താൻ മുന്നിൽ നിന്നു. ചൈന സാധ്യമായ എല്ലാ പിന്തുണയും നൽകി. പാകിസ്താന്റെ പക്കലുള്ള 81 ശതമാനം ആയുധങ്ങളും ചൈനയുടേതായിരുന്നു. മറ്റു ആയുധങ്ങൾക്കെതിരെ തങ്ങളുടെ ആയുധങ്ങൾ പരീക്ഷിക്കാൻ ചൈനക്ക് കഴിഞ്ഞു. അതിലൂടെ ഇന്ത്യ-പാക് അതിർത്തിയെ ഒരു ലൈവ് പരീക്ഷണശാലയാക്കി ചൈന മാറ്റി. തങ്ങൾക്കാവുന്ന പിന്തുണ പാകിസ്താന് നൽകി തുർക്കിയയും പ്രധാന പങ്ക് നിർവഹിച്ചു. ഡ്രോണുകൾക്ക് പുറമെ പരിശീലനം സിദ്ധിച്ചവരെയും തുർക്കിയ നൽകി.
വെടിനിർത്തലിനായി ഇന്ത്യ-പാക് സൈന്യങ്ങളുടെ ഡി.ജി.എം.ഒ തല ചർച്ച നടക്കുമ്പോൾ നിങ്ങളുടെ ഏതൊക്കെ ആയുധങ്ങളാണ് സജ്ജമാക്കി നിർത്തിയിട്ടുള്ളതെന്ന കൃത്യമായ വിവരം തങ്ങളുടെ പക്കലുണ്ടെന്ന് പറഞ്ഞു. ഇന്ത്യൻ സൈനിക സന്നാഹങ്ങളുടെ നീക്കങ്ങൾ സംബന്ധിച്ച് അപ്പപ്പോഴുള്ള വിവരങ്ങളും ചൈന നൽകിയെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. ഇന്ത്യൻ സൈനിക സന്നാഹങ്ങളുടെ സാറ്റലൈറ്റ് ചിത്രങ്ങളും ചൈന നൽകി. ഇക്കാര്യത്തിൽ ഉചിതമായ നടപടി ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്. നമുക്ക് ശക്തമായ വ്യോമപ്രതിരോധ സംവിധാനം അനിവാര്യമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യ-പാക് സംഘർഷത്തിൽ ചൈനയുടെ നേരിട്ടുള്ള പങ്കാളിത്തത്തെ കുറിച്ച് ഇതുവരെ മൗനം പാലിച്ചിരിക്കുകയായിരുന്ന ഇന്ത്യ ആദ്യമായാണ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കുന്നത്.
തദ്ദേശീയമായി നാം വികസിപ്പിച്ച ആയുധങ്ങൾ ചിലത് നല്ല പ്രകടനം കാഴ്ചവെച്ചപ്പോൾ മറ്റു ചിലതിന് അതിന് കഴിഞ്ഞില്ല. ഇത്തവണ ജനവാസ കേന്ദ്രങ്ങളെ വേണ്ടത്ര ശ്രദ്ധിക്കാനായില്ല. അടുത്ത തവണ അതുകൂടി നാം ശ്രദ്ധിക്കേണ്ടി വരും. കൂടുതൽ വ്യോമപ്രതിരോധ സന്നാഹങ്ങളും റോക്കറ്റുകളെയും ഡ്രോണുകളെയും പ്രതിരോധിക്കാനുള്ള സംവിധാനവുമൊരുക്കേണ്ടതുണ്ട്. ഇസ്രായേലിന്റെ അയേൺ ഡോം പോലെ പ്രതിരോധ സംവിധാനങ്ങളുടെ കാര്യത്തിൽ ആഡംബരം നമുക്കില്ല. നാം അവരെപ്പോലെയല്ല. നമ്മുടേത് വിസ്തൃതിയുള്ള രാജ്യമാണ്. അത്തരം സംവിധാനങ്ങൾ ഏറെ പണച്ചെലവുള്ളതാണെന്നും രാഹുൽ ആർ. സിങ് പറഞ്ഞു.
ന്യൂഡൽഹി: ഓപറേഷൻ സിന്ദൂറിനിടെ ചൈന പാകിസ്താന് പിന്തുണ നൽകിയെന്ന കരസേന ഉപമേധാവിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ഇന്ത്യ-ചൈന ബന്ധത്തിൽ സർക്കാർ പാർലമെന്റിൽ ചർച്ചക്ക് തയാറാകണമെന്നും ഭൗമരാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിൽ സമവായത്തിലെത്തണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു. ഓപറേഷൻ സിന്ദൂർ പാതിവഴിയിൽ നിർത്തിവെപ്പിച്ചത് ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി ലഫ്. ജനറൽ രാഹുൽ ആർ. സിങ് സ്ഥിരീകരിച്ചുവെന്നും ജയ്റാം രമേശ് പറഞ്ഞു.
അസാധാരണമായ രീതിയിൽ പാക് വ്യോമസേനയെ ചൈന സഹായിച്ചതാണ് ലഫ്. ജനറൽ സിങ് പറഞ്ഞത്. അഞ്ചുവർഷം മുമ്പ് ലഡാക്കിലെ തൽസ്ഥിതി നശിപ്പിച്ച ശേഷമാണ് ചൈനയുടെ ഈ നടപടി. എന്നിട്ടും പ്രധാനമന്ത്രി ചൈനക്ക് ക്ലീൻ ചിറ്റ് നൽകിയെന്ന് ജയ്റാം രമേശ് കുറ്റപ്പെടുത്തി. ചൈന പാകിസ്താനും ബംഗ്ലാദേശുമായും ചേർന്ന് ത്രികക്ഷി യോഗം വിളിക്കുമ്പോഴും ഇന്ത്യ-ചൈന വ്യാപാരം മേൽപോട്ട് ആണെന്ന് ജയ്റാം രമേശ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.