ഡൽഹിയിൽ ആപ്-കോൺഗ്രസ് ചർച്ച മുടന്തുന്നു; മഹാരാഷ്ട്രയിൽ പ്രശ്നമുണ്ടെന്നും പരിഹരിക്കുമെന്നും പവാർ

ന്യൂഡൽഹി: കോൺഗ്രസിന്‍റെ അനുകൂല നിലപാട് രണ്ടു ദിവസത്തിനകം ഉണ്ടായില്ലെങ്കിൽ ഡൽഹിയിലെ ഏഴു സീറ്റിലും ആം ആദ്മി പാർട്ടി സ്ഥാനാർഥികളെ നിർത്തുമെന്ന സൂചനയുമായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കോൺഗ്രസ് ആവശ്യപ്പെടുന്നത് നാലു സീറ്റാണ്. ആം ആദ്മി പാർട്ടിക്കും നാലു സീറ്റ് വേണം.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏഴു സീറ്റിലും ജയിച്ചത് ബി.ജെ.പിയാണ്. എന്നാൽ, ആറിടത്തും കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തി. ചർച്ചകളിൽ പുരോഗതി ഉണ്ടായില്ലെങ്കിൽ പഞ്ചാബിലെന്നപോലെ ഡൽഹിയിലും ബി.ജെ.പിയെ വെവ്വേറെ നേരിടേണ്ടിവരുമെന്ന നിലപാടിലാണ് ആപ്. അതേസമയം, രണ്ടു പാർട്ടികളുടെയും നേതാക്കൾ ചർച്ച തുടരുന്നുണ്ട്.

‘തെരഞ്ഞെടുപ്പിനുമുമ്പ് സാധ്യമായ അഭിപ്രായഭിന്നത പരിഹരിക്കും’

മുംബൈ: ‘ഇൻഡ്യ’ സഖ്യകക്ഷികൾക്കിടയിൽ അഭിപ്രായഭിന്നതയുണ്ടെന്നും ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് സാധ്യമാകുന്നത് പരിഹരിക്കുമെന്നും എൻ.സി.പി സ്ഥാപക നേതാവ് ശരദ് പവാർ. ഉത്തർപ്രദേശിലും പശ്ചിമബംഗാളിലും പ്രശ്നങ്ങൾ സങ്കീർണ്ണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോലാപ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശരദ് പവാർ.

‘ഇൻഡ്യ’ യോഗം ചേർന്നിട്ടില്ലെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം സജീവമാണ്. സഖ്യത്തിലെ ഭൂരിപക്ഷം പാർട്ടികളും അവരവരുടെ സംസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങുന്നതാണ്. ഓരോ സംസ്ഥാനത്തെയും നേതാക്കൾ തമ്മിൽ സീറ്റ് വിഭജന ചർച്ച നടന്നുവരുന്നതായും അദ്ദേഹം പറഞ്ഞു.

ഇൻഡ്യ സഖ്യത്തിലേക്കില്ല -കമൽ ഹാസൻ

ചെന്നൈ: തന്റെ സംഘടനയായ മക്കൾ നീതി മയ്യം ‘ഇൻഡ്യ’ സഖ്യത്തിൽ ചേരില്ലെന്നും രാജ്യത്തെക്കുറിച്ച് നിസ്വാർഥമായി ചിന്തിക്കുന്നവരെ തെരഞ്ഞെടുപ്പിൽ പിന്തുണക്കുമെന്നും പാർട്ടി പ്രസിഡന്റും നടനുമായ കമൽ ഹാസൻ. അതിനൊപ്പം, ഫ്യൂഡൽ രാഷ്ട്രീയത്തിന്റെ ഭാഗമാകാത്ത പാർട്ടികൾക്കായിരിക്കും പിന്തുണയെന്നും പാർട്ടിയുടെ ഏഴാം വാർഷികാഘോഷ ചടങ്ങിനുശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കക്ഷി രാഷ്ട്രീയം മറന്ന് രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. രാഷ്ട്രീയ സഖ്യ ചർച്ചകൾ നടക്കുന്നതായും ‘നല്ല വാർത്തകൾ’ മാധ്യമങ്ങളെ അറിയിക്കുമെന്നും നിലവിൽ എല്ലാ വിവരങ്ങളും വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഡി.എം.കെയുമായി മക്കൾ നീതി മയ്യം സഖ്യ ചർച്ച നടത്തിയതായ ഊഹാപോഹങ്ങൾക്കിടെയാണ് കമലിന്റെ വിശദീകരണം.

Tags:    
News Summary - INDIA bloc making progress at seat-sharing talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.