മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധു (ഇടത്), വിവേക് ജോഷി എന്നിവരോടൊപ്പം. (ഫയൽ ചിത്രം)
ന്യൂഡൽഹി: രാജ്യവ്യാപകമായി എസ്.ഐ.ആർ നടപ്പിലാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിറക്കുന്നതിന് മുമ്പ് നടപടിയിൽ തെരഞ്ഞെടുപ്പ് കമീഷണർ സുഖ്ബിർ സിങ് സന്ധു ആശങ്ക രേഖപ്പെടുത്തിയിരുന്നുവെന്ന് റിപ്പോർട്ടുകൾ. നടപടി രാജ്യത്തെ യഥാർഥ പൗരൻമാരെ ബുദ്ധിമുട്ടിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സന്ധു കുറിച്ചിരുന്നുവെന്ന് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു.
‘യഥാർത്ഥ വോട്ടർമാർ/പൗരന്മാർ, പ്രത്യേകിച്ച് വയോധികർ, രോഗികൾ, ഭിന്നശേഷിക്കാർ, ദരിദ്രർ, മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവരെ നടപടി ബുദ്ധിമുട്ടിക്കുന്നില്ലെന്നും അവർക്ക് സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്നും ഉറപ്പാക്കണം,’ -കരട് ഉത്തരവിന്റെ ഫയലിൽ സന്ധു കുറിച്ചു.
എല്ലാ വോട്ടർമാരും എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിക്കേണ്ടതിന്റെയും ചില വിഭാഗങ്ങൾ യോഗ്യത തെളിയിക്കാൻ അനുബന്ധ രേഖകൾ ഹാജരാക്കേണ്ടതിന്റെയും ആവശ്യകത ചൂണ്ടിയായിരുന്നു സന്ധുവിന്റെ കുറിപ്പ്. അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ഉത്തരവിൽ ഒപ്പുവെക്കുകയായിരുന്നു. ഉത്തരവിറക്കാൻ തിടുക്കപ്പെട്ടിരുന്നുവെന്ന് തോന്നിപ്പിക്കുന്ന വിധം അതേ ദിവസം തന്നെ വാട്സപ്പിലൂടെ കരട് ഉത്തരവിന് അംഗീകാരം നൽകിയിരുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ജൂൺ 24ന് അന്തിമ ഉത്തരവ് പുറത്തിറക്കുന്നതിന് മുമ്പ് കരടിൽ നിർണായക വെട്ടിത്തിരുത്തലുകൾ വരുത്തിയിരുന്നു. കരട് ഉത്തരവിന്റെ പാരഗ്രാഫ് 2.5ലും 2.6ലും എസ്.ഐ.ആർ നടപടികളെ ന്യായീകരിക്കാൻ പൗരത്വനിയമവുമായും അനുബന്ധ ഭേഗദതികളുമായും ബന്ധപ്പെടുത്തിയിരുന്നു. ‘ഭരണഘടനയനുസരിച്ചും പൗരത്വ നിയമമനുസരിച്ചും രാജ്യത്ത് പൗരൻമാരായ വ്യക്തികൾ മാത്രമാണ് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് ഉറപ്പാക്കാൻ കമീഷന് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. പൗരത്വനിയമത്തിൽ 2004ൽ നിർണായക ഭേദഗതികളുണ്ടായതിന് ശേഷം ഇതുവരെ രാജ്യത്ത് തീവ്ര പട്ടിക പരിഷ്‍കരണം ഉണ്ടായിട്ടില്ല.’ കരടിൽ പറയുന്നു.
അതേസമയം, പൗരത്വനിയമവുമായി ബന്ധപ്പെട്ട ഈ പരാമർശങ്ങൾ നീക്കിയാണ് അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. ‘വോട്ടർ പട്ടികയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിന് ഒരു വ്യക്തി ഇന്ത്യൻ പൗരനായിരിക്കണമെന്ന് ഭരണഘടനയുടെ അനുഛേദം 326 വ്യവസ്ഥ ചെയ്യുന്നു. ഇതുകൊണ്ടുതന്നെ, പൗരൻമാരായ വ്യക്തികൾ മാത്രമേ പട്ടികയിൽ ഉൾപ്പെടുന്നുള്ളൂ എന്ന് ഉറപ്പാക്കാൻ കമീഷന് ഭരണഘടനാപരമായ ബാധ്യതയുണ്ട്,’ അന്തിമ ഉത്തരവിന്റെ പാരഗ്രാഫ് എട്ടിൽ കമീഷൻ വ്യക്തമാക്കുന്നു.
അതേസമയം ഈ ഖണ്ഡിക പൂർണമായി അവസാനിപ്പിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. തിരക്കിട്ട് എഡിറ്റിങ് നടത്തിയെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ സെമികോളനിലാണ് ഖണ്ഡിക അവസാനിപ്പിച്ചിരിക്കുന്നത്. ഇത് മാധ്യമങ്ങളടക്കമുള്ളവർ ഉന്നയിച്ചിരുന്നുവെങ്കിലും കമീഷൻ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
അതേസമയം, കരടിലെ കുറിപ്പിനെ കുറിച്ച് സന്ധുവും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അതേസമയം, അന്തിമ ഉത്തരവിൽ സന്ധുവിന്റെ ആശങ്ക പ്രതിഫലിക്കുന്നതായി കാണാം. അദ്ദേഹത്തെ പരാമർശിക്കാതെ തന്നെ ഉത്തരവിലെ 13 ഖണ്ഡികയിൽ നിർദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
‘ഇത് തീവ്രപരിഷ്‍കരണമായതുകൊണ്ടുതന്നെ, 2025 ജൂലൈ 25ന് മുമ്പ് ഫോം സമർപ്പിക്കാത്ത വോട്ടറുടെ പേര് കരട് പട്ടികയിൽ ഉൾപ്പെടുത്താൻ കഴിയില്ല. എന്നിരുന്നാലും, മുഖ്യ ഇലക്ടറൽ ഓഫീസർ, ജില്ല ഇലക്ഷൻ ഓഫീസർമാർ, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ, ബൂത്ത് ലെവൽ ഓഫീസർമാർ എന്നിവർ സന്നദ്ധ പ്രവർത്തകരുടെ വിന്യാസമുൾപ്പെടെ യഥാർത്ഥ വോട്ടർമാർ, പ്രത്യേകിച്ച് വൃദ്ധർ, രോഗികൾ, വികലാംഗർ, ദരിദ്രർ, മറ്റ് ദുർബല വിഭാഗങ്ങൾ എന്നിവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനും സാധ്യമായത്ര സൗകര്യങ്ങൾ ഒരുക്കാനും ശ്രദ്ധിക്കണം.’- ജൂൺ 24ന് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. അതേസമയം, ‘രാജ്യത്തെ പൗരൻമാർ’ എന്ന സന്ധുവിന്റെ പരാമർശം ഇതിൽ നിന്ന് നീക്കം ചെയ്തിരുന്നുവെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.