കെജ്‌രിവാളിന്‍റെ നിസ്സഹകരണ മനോഭാവമാണ് അറസ്റ്റിന് കാരണമെന്ന് ഇ.ഡി

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്‍റെ നിസ്സഹകരണ മനോഭാവമാണ് അറസ്റ്റിന് കാരണമെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). അറസ്റ്റിന് പിന്നിൽ അന്യായമായ കാരണങ്ങളെന്നും ഇല്ലെന്ന് അറസ്റ്റിനെതിരായ കെജ്‌രിവാളിന്‍റെ ഹരജിക്കുള്ള മറുപടിയിൽ ഇ.ഡി അവകാശപ്പെട്ടു.

അറസ്റ്റിനെ ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്‌രിവാളിന്‍റെ ഹരജി “യോഗ്യതയില്ലാത്ത”താണെന്ന് ഇ.ഡി പറഞ്ഞു. കെജ്‌രിവാൾ നിയമത്തോടുള്ള നഗ്നമായ അവഗണനയും നിസ്സഹകരണ മനോഭാവവും ആണെന്ന് പ്രകടിപ്പിക്കുന്നതെന്നും ഏജൻസി കുറ്റപ്പെടുത്തി.

ഒമ്പത് സമൻസ് അയച്ചിട്ടും ഹാജരാകാതെ അരവിന്ദ് കെജ്‌രിവാൾ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിഞ്ഞുമാറിയതായും അന്വേഷണം ഒഴിവാക്കാൻ ശ്രമിച്ചതായും ഇ.ഡി ആരോപിച്ചു. കേസില്‍ വൻതോതിൽ തെളിവുകൾ നശിപ്പിക്കപ്പെട്ടതായും ഇ.ഡി പറയുന്നു.

അതേസമയം, ഇ.ഡി കള്ളം പറയുന്ന യന്ത്രമായി മാറിയെന്നായിരുന്നു കെജ്‌രിവാളിന്‍റെ അറസ്റ്റിൽ ആം ആദ്മി പാർട്ടി(എ.എ.പി) പ്രതികരിച്ചത്. യജമാനന്മാരായ ബി.ജെ.പിയുടെ നിർദ്ദേശപ്രകാരമാണ് നുണകളുമായി വരുന്നതെന്നും എ.എ.പി ആരോപിച്ചു.

മദ്യവിരുദ്ധ അഴിമതിക്കേസിൽ മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. വിചാരണ കോടതി അദ്ദേഹത്തെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പിന്നീട് ഇത് ഏപ്രിൽ 23 വരെയും നീട്ടി. നിലവിൽ തിഹാർ ജയിലിലാണ് കെജ്‌രിവാൾ.

ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജയിൽ അധികൃതർ ഇൻസുലിൻ നൽകാൻ തയാറാകാത്തതിനെ തുടർന്ന് കെജ്രിവാൾ ഡൽഹി കോടതിയെ സമീപിച്ചിരുന്നു. ഹരജിയിൽ വിധി പറയുന്നത് മാറ്റിവെച്ച കോടതി കെജ്രിവാളിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചും ഭക്ഷണ ക്രമത്തെ കുറിച്ചും ജയിലധികൃതരോട് വിശദീകരണം തേടിയിരുന്നു.

Tags:    
News Summary - In SC affidavit, ED blames Arvind Kejriwal's 'non-co-operative attitude, conduct' for arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.