ന്യൂഡൽഹി: ഇന്ധന വില വർധനയിൽ രാജ്യമൊട്ടുക്കും പ്രതിഷേധം രൂക്ഷമാകുന്നതിനിടെ പ്രതിപക്ഷ സംസ്ഥാനങ്ങളെ പഴിചാരി പ്രധാനമന്ത്രി. കേരളം അടക്കം സംസ്ഥാനങ്ങളുടെ പേര് എടുത്തു പറഞ്ഞ് പ്രതിപക്ഷ സംസ്ഥാനങ്ങൾ ഇന്ധന നികുതി (വാറ്റ്) കുറക്കാൻ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിമാരുമായുള്ള ഓൺലൈൻ കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ധനനികുതി കുറക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശത്തിനെതിരെ കേരളവും പശ്ചിമ ബംഗാളും മഹാരാഷ്ട്രയും രംഗത്തെത്തി. ആറു വർഷമായി കേരളം ഇന്ധനനികുതി കൂട്ടിയിട്ടില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രധാനമന്ത്രി ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പരാമർശമാണ് നടത്തിയതെന്നും പറഞ്ഞു. പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ കോൺഗ്രസും രംഗത്തുവന്നു.
ചില സംസ്ഥാനങ്ങൾ വാറ്റ് കുറക്കാത്തതിനാൽ ജനം വിലക്കയറ്റത്തിന്റെ ദുരിതമനുഭവിക്കുകയാണെന്ന് മോദി പറഞ്ഞു. കഴിഞ്ഞ നവംബറിൽ കേന്ദ്രം ഡീസലിനും പെട്രോളിനുമുള്ള എക്സൈസ് തീരുവ കുറച്ചിരുന്നു. നികുതി കുറക്കാൻ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടെങ്കിലും ചിലർ തയാറായില്ല. ആരെയും കുറ്റപ്പെടുത്തുകയല്ലെന്ന് പറഞ്ഞാണ് കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ പേര് പരാമർശിച്ചത്.
വാറ്റ് കുറച്ചതിനാൽ കർണാടകക്ക് ആറ് മാസത്തിനുള്ളിൽ 6000 കോടി നഷ്ടമായി. ഗുജറാത്തിന് 3500-4000 കോടിയും. വാറ്റ് കുറക്കാതിരുന്ന സംസ്ഥാനങ്ങൾ കോടികൾ അധിക വരുമാനമുണ്ടാക്കി. ഇന്ധന വില കുറക്കാൻ മുഖ്യമന്ത്രിമാർ തയാറാകണമെന്നും കേന്ദ്ര വരുമാനത്തിൽ 42 ശതമാനവും പോകുന്നത് സംസ്ഥാനങ്ങൾക്കാണെന്നും മോദി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.