ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനു മുമ്പ് ഡൽഹിയിൽ ഏഴിൽ ആറു സീറ്റിലും സ്ഥാനാർഥികളെ മാറ്റി ബി.ജെ.പി. കോൺഗ്രസും ആം ആദ്മി പാർട്ടിയുമായി ഉണ്ടാക്കിയ സഖ്യം ആറു സിറ്റിങ് എം.പിമാരെ മാറ്റാൻ ബി.ജെ.പിയെ പ്രേരിപ്പിച്ചു. ജനരോഷത്തെക്കുറിച്ച് ബി.ജെ.പിയിൽ നിലനിൽക്കുന്ന ആശങ്കയുടെ ആഴവും പ്രതിഫലിപ്പിക്കുന്നതാണ് തലമാറ്റം.
2014ലും 2019ലും ജയിച്ച ഡോ. ഹർഷ്വർധൻ, മീനാക്ഷി ലേഖി, രമേശ് ബിധുരി, പർവേശ് സാഹിബ് സിങ് വർമ എന്നിവരെയും ക്രിക്കറ്റ് താരം ഗൗതം ഗംഭീർ, ഗായകൻ ഹൻസ്രാജ് ഹൻസ് എന്നിവരെയുമാണ് ബി.ജെ.പി മാറ്റിയത്. ഗായകനിൽനിന്ന് രാഷ്ട്രീയക്കാരനായി മാറിയ മനോജ് തിവാരിയെ മാത്രമാണ് വീണ്ടും മത്സരിപ്പിക്കുന്നത്.
ഉദ്യോഗസ്ഥവൃന്ദം വോട്ടർമാരിൽ നിർണായക ശക്തിയായ ഡൽഹിയിൽ ഇക്കുറി അവരുടെ വികാരം ബി.ജെ.പിക്ക് എതിരാണ്. ഡൽഹി കലാപം, കോവിഡ്കാല പ്രതിസന്ധി കൈകാര്യംചെയ്ത രീതി തുടങ്ങി നിരവധി വിഷയങ്ങളിൽ ജനരോഷം ഏറ്റുവാങ്ങേണ്ടി വരുമെന്ന ആശങ്കയുമുണ്ട്.
രമേശ് ബിധുരി, മീനാക്ഷി ലേഖി, പർവേശ് വർമ എന്നിവർക്ക് നാവാണ് പ്രശ്നമായത്. ഡോ. ഹർഷ്വർധൻ ജനസ്വീകാര്യതയിൽ മുമ്പിലാണെങ്കിലും നേതൃത്വത്തിന് ഇഷ്ടമല്ല. ഒഴിവാക്കിയ ഘട്ടത്തിൽ രാഷ്ട്രീയം തന്നെ വിടുന്നതായി ഹർഷ് വർധനൊപ്പം ഗൗതം ഗംഭീറും പ്രഖ്യാപിച്ചു.
മുൻ കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകൾ ബൻസൂരി സ്വരാജ്, യോഗേന്ദ്ര ചന്ദോലിയ, ഹർഷ് മൽഹോത്ര, പ്രതിപക്ഷ നേതാവ് രാംവീർ സിങ് ബിധുരി, പ്രവീൺ ഖണ്ഡേൽവാൾ, കമൽജിത് സെഹ്റാവത് എന്നിവർക്കാണ് പുതുതായി ടിക്കറ്റ് നൽകിയത്. ആം ആദ്മി പാർട്ടിയാണ് സംസ്ഥാനം ഭരിക്കുന്നതെങ്കിലും, കഴിഞ്ഞ രണ്ടു ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ഡൽഹിയിലെ ഏഴിൽ ഏഴു സീറ്റും കൈയടക്കിയത് ബി.ജെ.പിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.