ചണ്ഡീഗഡ്: കോവിഡ് ബൂസ്റ്റർ ഡോസ് എടുക്കുന്നവർക്ക് പൂരിയും കടലക്കറിയും (ചോലേ ഭാതുരെ) സൗജന്യമായി നൽകുമെന്ന് വാഗ്ദാനം ചെയ്ത് ചണ്ഡീഗഡിലെ കടയുടമ. തെരുവുകച്ചവടക്കാരനായ സഞ്ജയ് റാണയാണ് വാഗ്ദാനവുമായി രംഗത്തെത്തിയത്. ബൂസ്റ്റർ ഡോസുകളെടുക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് 45കാരനായ സഞ്ജയ് റാണ പറഞ്ഞു.
കഴിഞ്ഞവർഷവും കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റുകളുമായി എത്തുന്നവർക്ക് സൗജന്യമായി പൂരിയും കടലക്കറിയും നൽകി സഞ്ജയ് റാണ വാർത്തകളിൽ ഇടം നേടിയിരുന്നു. തുടർന്ന് അദ്ദേഹത്തിന്‍റെ പ്രവൃത്തിയെ പ്രധാനമന്ത്രി 'മൻ കി ബാത്തി'ലൂടെ പ്രശംസിക്കുകയും ചെയ്തിരുന്നു.
'സമൂഹ നന്മയ്ക്കായി പ്രവർത്തിക്കാൻ, സേവന ബോധവും കടമയും ആവശ്യമാണെന്ന് പറയപ്പെടുന്നു, ഞങ്ങളുടെ സഹോദരൻ സഞ്ജയ് ഇത് ശരിയാണെന്ന് തെളിയിക്കുകയാണ്'- പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം മേയ് മുതൽ ഏഴ് മാസത്തിലധികം 'ചോലെ ഭാതുരേ' സൗജന്യമാണെന്നും ഇപ്രാവശ്യം ഏതാനും ആഴ്ചകളിൽ ഭക്ഷണം ബൂസ്റ്റർ ഡോസ് എടുക്കുന്നവർക്ക് സൗജന്യമായി നൽകാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
'യോഗ്യരായ എല്ലാവരും മുന്നോട്ട് വരണം, മടിക്കേണ്ടതില്ല. ഇതിനകം, രാജ്യത്തിന്റെ പല ഭാഗങ്ങളിലും അണുബാധകളിൽ നേരിയ വർധനവ് കാണുന്നു. സാഹചര്യം കൈവിട്ടുപോകുന്നതുവരെ നമ്മൾ എന്തിന് കാത്തിരിക്കണം? 2020 ഏപ്രിൽ-മേയ് മാസങ്ങളിൽ നിലവിലുണ്ടായിരുന്ന സാഹചര്യത്തിൽ നിന്ന് പാഠങ്ങൾ പഠിക്കണം.'- റാണ വാർത്ത ഏജൻസിയോട് പറഞ്ഞു.
കുട്ടിക്കാലത്ത് രാജ്യത്തെ സേവിക്കാനും സായുധസേനയിൽ ചേരാനും എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, വിധി എനിക്കായി മറ്റൊന്നായിരുന്നു കരുതിവച്ചിരുന്നത്. എന്നാൽ ഇപ്പോൾ മറ്റെന്തെങ്കിലും വിധത്തിൽ രാജ്യത്തെ സേവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് എനിക്ക് വലിയ സംതൃപ്തി നൽകുന്നു -റാണ പറഞ്ഞു.
ഹിമാചൽ പ്രദേശിലെ ഹമീർപൂർ സ്വദേശിയായ റാണ 15 വർഷത്തിലേറെയായി ചണ്ഡീഗണ്ഡിൽ ഫുഡ് സ്റ്റാൾ നടത്തുകയാണ്. സൈക്കിളിൽ 'ചോലേ ഭാതുരെ' വിൽക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.