ന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്തിന്റെ പരിപാടിയിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ അലഹബാദ് ഹൈകോടതി ജഡ്ജി ശേഖർ കുമാർ യാദവിനെതിരായ ഇംപീച്ച്മെന്റ് പ്രമേയത്തിന് രാജ്യസഭ സെക്രട്ടേറിയറ്റ് ഇതുവരെ പരിശോധിച്ചത് 44 എം.പിമാരുടെ ഒപ്പുകൾ.
ജസ്റ്റിസ് യാദവിനെ ഇംപിച്ച് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 54 എം.പിമാർ ഒപ്പിട്ട പ്രമേയാവതരണ നോട്ടീസ് കഴിഞ്ഞ ഡിസംബറിലാണ് രാജ്യസഭ ചെയർമാന് സമർപ്പിച്ചത്. ജഡ്ജിമാരെ ഇംപീച്ച് ചെയ്യാൻ രാജ്യസഭയിൽ 50 എം.പിമാരാണ് പ്രമേയത്തിൽ ഒപ്പിടേണ്ടത്. എം.പിമാർ തന്നെയാണോ ഒപ്പിട്ടതെന്ന് വ്യക്തതവരുത്താൻ മാർച്ചിലാണ് ഇ- മെയിൽ, ഫോൺ കോളുകൾ വഴി രാജ്യസഭ സെക്രട്ടേറിയറ്റ് പരിശോധന ആരംഭിച്ചത്.
ഇതിൽ 44 പേരാണ് മറുപടി നൽകിയത്. കപിൽ സിബൽ, പി. ചിദംബരം അടക്കം 10 പേരുടെ ഒപ്പുകൾ ഇനിയും സ്ഥിരീകരിക്കാനുണ്ട്. എന്നാൽ, രാജ്യസഭ ചെയർമാനെ പലതവണ കണ്ടപ്പോഴും ഒപ്പിനെക്കുറിച്ച് ചോദിച്ചിട്ടില്ലെന്നും ഏത് ഇ-മെയിൽ ഐ.ഡിയിലേക്കാണ് തനിക്ക് അയച്ചതെന്ന് അറിയില്ലെന്നും കപിൽ സിബൽ പറഞ്ഞു. 54 പേരുടെ ഒപ്പുകൾ സഹിതം അദ്ദേഹത്തിന് നോട്ടീസ് നൽകിയത് ഞാനാണ്.
ഒപ്പുകൾ സ്ഥിരീകരിക്കാൻ കഴിയുന്നില്ലെങ്കിൽ, അദ്ദേഹം അത് നിരസിക്കണമെന്നും ബാക്കി സുപ്രീംകോടതിയിൽ തീരുമാനിക്കാമെന്നും സിബൽ വ്യക്തമാക്കി. നോട്ടീസിൽ ഒപ്പിട്ടിട്ടുണ്ടെന്നും എന്നാൽ തനിക്ക് മെയിൽ വന്നിട്ടില്ലെന്നും പി. ചിദംബരവും പ്രതികരിച്ചു. ഹൈകോടതി ജഡ്ജിമാർക്കെതിരായ നടപടിക്രമങ്ങൾക്കുള്ള ഭരണഘടനാപരമായ അധികാരം ചൂണ്ടിക്കാട്ടി രാജ്യസഭ സെക്രട്ടേറിയറ്റ് കത്തയച്ചതിന് പിന്നാലെ സുപ്രീംകോടതി ആഭ്യന്തര അന്വേഷണം ഉപേക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.