ന്യൂഡൽഹി: ഇന്ത്യയിലെ സ്വകാര്യ നിക്ഷേപ വളർച്ചയെ ‘മങ്ങിയ’ നിലയിൽ അടയാളപ്പെടുത്തുന്ന ഐ.എം.എഫ് റിപ്പോർട്ട് ഉദ്ധരിച്ച്, നിലവിലെ മാന്ദ്യത്തിൽ നിന്ന് രക്ഷപ്പെടാൻ ഉപഭോഗം വർധിപ്പിക്കുന്നതിനും വ്യാപാര നയം യുക്തിസഹമാക്കുന്നതിനുമുള്ള നടപടികൾ ആവശ്യമാണെന്ന് കോൺഗ്രസ്.
‘ഉപഭോക്താക്കളുടെ കൈകളിൽ ആവശ്യത്തിന് പണമില്ലാതെ വന്നാൽ, അവർക്ക് കുറച്ച് സാധനങ്ങളും സേവനങ്ങളും മാത്രമേ ആവശ്യപ്പെടാൻ കഴിയൂ. സ്ഥാപനങ്ങൾക്ക് നിലവിലുള്ള ഉൽപാദന ശേഷി പ്രയോജനപ്പെടുത്താൻ കഴിയുന്നില്ല. അതിനാൽ കൂടുതൽ വളർച്ചക്കായി നിക്ഷേപിക്കാൻ അവർക്ക് ഒരു കാരണവുമില്ല -കോൺഗ്രസ് ജനറൽ സെക്രട്ടറി ഇൻ ചാർജ് ജയറാം രമേശ് പ്രസ്താവനയിൽ പറഞ്ഞു.
അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) അടുത്തിടെ പുറത്തിറക്കിയ ‘വാർഷിക ഇന്ത്യ ആർട്ടിക്കിൾ IV കൺസൾട്ടേഷൻ റിപ്പോർട്ടിൽ ‘ഇന്ത്യയിൽ സ്വകാര്യ നിക്ഷേപം ശക്തമാക്കൽ’ എന്നതിനായി ഒരു വലിയ ഭാഗവും നീക്കിവെച്ചതായി രമേശ് ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ മങ്ങിയ സ്വകാര്യ നിക്ഷേപ വളർച്ചയെ പ്രസ്തുത റിപ്പോർട്ട് അടിവരയിടുന്നു. മോദി സർക്കാറിന്റെ നയങ്ങളെയും നടപടികളെയും കുറിച്ചുള്ള ശക്തമായ വിമർശനമാണിതെന്നും അദ്ദേഹം പറഞ്ഞു.
മോദി സർക്കാറിന്റെ നയങ്ങളായ നോട്ട് നിരോധനം, പരിഷ്കാരങ്ങൾക്കായി മുറവിളി കൂട്ടുന്ന ജി.എസ്.ടിയുടെ തെറ്റായ നടപ്പാക്കൽ എന്നിവയുടെ നേരിട്ടുള്ള അനന്തരഫലമാണ് ഈ സാമ്പത്തിക ദുരിതം -അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യയുടെ സ്വകാര്യ നിക്ഷേപത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ സർക്കാറിന്റെ വാചാടോപവും സാമ്പത്തിക യാഥാർത്ഥ്യവും തമ്മിലുള്ള അന്തരം പ്രധാന വെല്ലുവിളിയായി തുടരുന്നു എന്ന് ഐ.എം.എഫ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അടിസ്ഥാനകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പരാജയവും രാഷ്ട്രീയമായി ബന്ധമുള്ള ഒരുപിടി കുത്തകകൾക്ക് മാത്രം നൽകുന്ന നിരന്തരമായ ഊന്നലും ഈ ദയനീയ പരാജയത്തിലേക്ക് നയിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
സ്വകാര്യ കോർപറേറ്റുകളുടെ നാമമാത്ര നിക്ഷേപ വളർച്ച 2022-23 ലെ 21 ശതമാനത്തിൽ നിന്ന് 2023-24 ൽ 13 ശതമാനമായി കുറഞ്ഞതായി കാണപ്പെടുന്നതിനാൽ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും, ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിന് നിർണായകമായ യന്ത്ര സാമഗ്രികളിലും ഉപകരണങ്ങളിലുമുള്ള നിക്ഷേപം കുറഞ്ഞത് ജി.ഡി.പി ശതമാനം സ്ഥിരമായി കുറഞ്ഞുവെന്നും രമേശ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.