എന്തിന് ആധുനിക വൈദ്യശാസ്ത്രവുമായി കൂട്ടിക്കുഴക്കുന്നു; ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയ്യാൻ അനുമതി നൽകിയ ആ​ന്ധ്ര സർക്കാറിനെതിരെ ഐ.എം.എ

ഹൈദരാബാദ്: പരിശീലനം സിദ്ധിച്ച ആയുർവേദ ഡോക്ടർമാർക്ക് സ്വതന്ത്രമായി ശസ്ത്രക്രിയ ചെയ്യാൻ അനുമതി നൽകിയ ആന്ധ്രപ്രദേശ് സർക്കാറിന്റെ ഉത്തരവിനെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കഴിഞ്ഞ 10 വർഷമായി അലോപ്പതിയും ആയുർവേദവും സംയോജിപ്പിച്ചുകൊണ്ടുള്ള എല്ലാ പരിപാടിയും എതിർക്കുകയാ​ണെന്ന് ഐ.എം.എ പ്രസിഡന്റ് ഡോ. ദിലീപ് ഭാനുശാലി ചൂണ്ടിക്കാട്ടി. ആയുർവേദത്തെയും ഹോമിയോപ്പതിയെയും ബഹുമാനിക്കുന്നുണ്ടെങ്കിലും അവർക്ക് അവരുടേതായ ഒരു ശാസ്ത്രമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആയുർവേദത്തെ അതിന്റെ യഥാർഥവും ശുദ്ധവുമായ രൂപത്തിൽ പ്രോത്സാഹിപ്പിക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. എന്തിനാണത് ആധുനിക വൈദ്യശാസ്ത്രവുമായി കൂട്ടിക്കലർത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

ആന്ധ്ര സർക്കാറിന്റെ ഉത്തരവ് പ്രകാരം പരിശീലനം ലഭിച്ച ആയുർവേദ ഡോക്ടർമാർക്ക് പകർച്ചവ്യാധികൾക്കുള്ള ചികിത്സകൾ നടത്താനും മുറിവുകൾ തുന്നാനും ചില ശസ്ത്രക്രിയകൾ നടത്താനും അനുവാദമുണ്ട്.

ഇത് വലിയ മണ്ടത്തരമാണെന്നും രോഗികൾക്കിടയിൽ പ്രശ്നങ്ങളുണ്ടാക്കാൻ കാരണമാകുമെന്നും ഡോ. ഭാനുശാലി ചൂണ്ടിക്കാട്ടി. സർക്കാറിന്റെ പുതിയ നോട്ടിഫിക്കേഷൻ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഇതിനെതിരെ ഐ.എം.എ പ്രതിഷേധം നടത്തും. ആദ്യപടിയായി കേന്ദ്ര ആ​രോഗ്യമ​ന്ത്രിക്കും പ്രധാനമന്ത്രിക്കും കത്തയക്കാനാണ് തീരുമാനം. എന്നാൽ സർക്കാറിന്റെ ഭാഗത്ത്നിന്ന് അനുകൂല നടപടികളൊന്നുമുണ്ടായിട്ടില്ല. ഡിസംബർ 27നും 28നും നടക്കുന്ന ആൾ ഇന്ത്യ മെഡിക്കൽ കോൺഫറൻസിൽ ഇതായിരിക്കും മുഖ്യ അജണ്ടയെന്നും ഭാനു​ശാലി വ്യക്തമാക്കി.

പരിശീലനം ലഭിച്ച ബിരുദാനന്തര ആയുർവേദ ഡോക്ടർമാർക്ക് സ്വതന്ത്രമായി ശസ്ത്രക്രിയകൾ നടത്താൻ അനുമതി നൽകുന്ന ഉത്തരവിന് ആന്ധ്രാപ്രദേശ് ആരോഗ്യ മന്ത്രി സത്യ കുമാർ യാദവ് ആണ് അംഗീകാരം നൽകിയത്. പുരാതന വൈദ്യശാസ്ത്ര സമ്പ്രദായത്തെ ആധുനിക വൈദ്യശാസ്ത്ര സംവിധാനവുമായി സംയോജിപ്പിക്കുന്നതിനാണ് സർക്കാർ ഈ തീരുമാനം എടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഒരു കർമ പദ്ധതി രൂപീകരിക്കുന്നതിനായി യാദവ് ആയുഷ് വകുപ്പ് ഡയറക്ടർ കെ. ദിനേശ് ഉൾപ്പെടെയുള്ളവരുമായി ചർച്ചയും നടത്തി.

പോണ്ടിച്ചേരിയിലെ ജിപ്മറിൽ ആരംഭിക്കുന്ന ബാച്ചിലർ ഓഫ് ആയുർവേദ മെഡിസിൻ ആൻഡ് സർജറി (ബി.എ.എം.എസ്), എം.ബി.ബി.എസ് എന്നിവ സംയോജിപ്പിച്ചുള്ള ആദ്യ ഇന്റഗ്രേറ്റീവ് കോഴ്‌സിനെയും നേരത്തെ കോടതി അപലപിച്ചിരുന്നു. 

Tags:    
News Summary - IMA opposes Andhra govt order allowing Ayurvedic doctors to perform surgeries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.