ബംഗളൂരു: വിദേശ കോഴ്സിനെന്ന പേരിൽ അർമീനിയയിലേക്ക് നഴ്സിങ് വിദ്യാർഥികളെ കട ത്താൻ ശ്രമിച്ച കേസിൽ ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മലയാളി അറസ്റ്റിലായി. എറണാകുളം കോതമംഗലം സ്വദേശിയും മംഗളൂരു കങ്കനാടിയിൽ താമസക്കാരനുമായ ടോണി ടോം (40) ആണ് അറസ്റ്റിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന 32 നഴ്സുമാരെ മൊഴിയെടുത്തശേഷം പൊലീസ് വിട്ടയച്ചു. ഇതിൽ 25ഒാളം പേർ മലയാളികളാണ്. മറ്റുള്ളവർ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ളവരും.
ജർമൻ ഭാഷാ കോഴ്സിനെന്നുപറഞ്ഞാണ് നഴ്സുമാരെ അർമീനിയയിലേക്ക് കൊണ്ടുപോകാനിരുന്നതെന്നും അതുവഴി ജർമനിയിലേക്ക് കടത്തുകയായിരുന്നു ലക്ഷ്യമെന്നും ബംഗളൂരു നോർത്ത് ഡിവിഷൻ ഡെപ്യൂട്ടി കമീഷണർ കാലാ കൃഷ്ണസ്വാമി പറഞ്ഞു. വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിന് സംശയം തോന്നി പൊലീസിൽ അറിയിക്കുകയായിരുന്നു. എമിഗ്രേഷൻ വിഭാഗത്തിെൻറ പരാതിപ്രകാരം, മനുഷ്യക്കടത്തിന് ടോണി ടോമിനെതിരെ കേസെടുത്തു.
മംഗളൂരു കങ്കനാടിയിൽ വിദ്യാഭ്യാസ കൺസൽട്ടൻസി സ്ഥാപനം നടത്തുകയാണ് ടോണി ടോം. ഇയാളുടേതടക്കം പത്തിലേറെ വിദ്യാഭ്യാസ കൺസൽട്ടൻസി സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഹോപ്സൈൻ എജുക്കേഷൻ ഇൻറർനാഷനലിെൻറ പേരിലാണ് നഴ്സുമാരെ അർമീനിയയിലേക്ക് കടത്താൻ ശ്രമിച്ചത്. ജർമൻ ഭാഷ പഠിച്ചാൽ വിദേശത്തെ ആശുപത്രികളിൽ നല്ല ജോലിസാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ടോം പത്രങ്ങളിൽ പരസ്യം നൽകിയാണ് നഴ്സിങ് ബിരുദ വിദ്യാർഥികളെ അപേക്ഷകരായി കെണ്ടത്തിയത്.
യൂനിവേഴ്സിറ്റി ഒാഫ് ട്രഡീഷനൽ മെഡിസിൻ ഒാഫ് അർമീനിയയിൽനിന്ന് (യു.ടി.എം.എ) സ്റ്റുഡൻറ്സ് വിസ സമ്പാദിച്ച ശേഷം അതിെൻറ മറവിൽ ജർമൻ ഭാഷ പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യുട്ടിൽനിന്ന് കോഴ്സ് പൂർത്തിയാക്കി നഴ്സുമാരെ ജർമനിയിലേക്ക് കടത്താനായിരുന്നു ശ്രമം. മുൻകൂറായി ഏകദേശം നാലുലക്ഷം രൂപയാണ് ഒാരോരുത്തരിൽനിന്നും വാങ്ങിച്ചത്.
അർമീനിയയിലേക്ക് മെഡിക്കൽ വിദ്യാഭ്യാസത്തിനായി പലരും പോകാറുണ്ടെങ്കിലും ഒരേ സ്ഥലത്തുനിന്ന് യു.ടി.എം.എയിലേക്ക് ഇത്രയേറെ പേർ ഒന്നിച്ചുപോകുന്നത് ആദ്യമായാണ്. ഇതാണ് എമിഗ്രേഷൻ അധികൃതർക്ക് സംശയത്തിനിടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.