ഹോസ്റ്റൽ മുറികളിലെ സീലിങ് ഫാൻ ഒഴിവാക്കി ഐഐടി ബോംബെ; പകരം വാൾ മൗണ്ടഡ് ഫാനുകൾ

മുംബൈ: വിദ്യാർഥി മരണത്തിന് പിന്നാലെ ഐ.ഐ.ടി ബോംബെയിലെ ഹോസ്റ്റൽ മുറികളിലെ സീലിങ് ഫാനുകൾ മാറ്റി വാൾ മൗണ്ടഡ് ഫാനുകൾ സ്ഥാപിക്കുന്നു. പുതിയ വാൾ മൗണ്ടഡ് ഫാനുകൾ കാമ്പസിലെത്തിച്ചതായി വിദ്യാർഥികൾ അറിയിച്ചു.

പുതിയ ഫാനുകൾ സ്ഥാപിക്കാനുള്ള തീരുമാനം വിദ്യാർഥി മരണങ്ങളുമായി ബന്ധപ്പെട്ടല്ലെന്നും ഹോസ്റ്റൽ നവീകരണത്തിന്റെ ഭാഗമാണെന്നും ഐ.ഐ.ടി ബോംബെ അധികൃതർ വ്യക്തമാക്കി. സീലിങ് ഫാനുകൾ മാറ്റുന്ന കാര്യം ഏകദേശം രണ്ട് മാസമായി പരിഗണനയിലുണ്ടെന്നും അടുത്തിടെയാണ് അന്തിമ തീരുമാനമെടുത്തതെന്നും അവർ പറഞ്ഞു.

സെപ്റ്റംബർ 18നാണ് ഐ.ഐ.ടി ബോംബെയിലെ എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയായ സഹിൽ വാകോഡിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിന് പിന്നാലെയായിരുന്നു മരണം.

പരീക്ഷക്കിടെ ഫോൺ ഉപയോഗിച്ചതിന് പിന്നാലെ സഹിലിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാർഥികളും കുടുംബവും ആരോപിച്ചിരുന്നു. കൂടാതെ വിദ്യാർഥി കാമ്പസിൽ ജാതി വിവേചനം നേരിട്ടുവെന്നും പറഞ്ഞിരുന്നു. അതേസമയം, വിദ്യാർഥിക്കെതിരെ അത്തരത്തിലുള്ള അച്ചടക്കനടപടി ആരംഭിച്ചിരുന്നില്ലെന്നും, സംഭവത്തിൽ വിദ്യാർഥിക്ക് കൗൺസലിങ് നൽകുകയും അക്കാദമിക് ഭാവിയെ ബാധിക്കില്ലെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നുവെന്നുമാണ് ഐ.ഐ.ടി ബോംബെയുടെ വിശദീകരണം.

സാഹിലിന്റെ മരണത്തിന് പിന്നാലെ വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധങ്ങൾക്കിടെ ഐ.ഐ.ടി ബോംബെ അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്‌സ് ഡീൻ സൂര്യനാരായണ ഡൂല്ലയെ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയും പൊലീസ് കേസെടുത്തിരുന്നു. 

Tags:    
News Summary - IIT Bombay Installs Wall Fans After Student death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.