സ്കൂൾ കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; പ്രഭാത ഭക്ഷണ വിതരണ പദ്ധതി വിപുലീകരിച്ച് തമിഴ്നാട് സർക്കാർ
ചെന്നൈ: തമിഴ്‌നാട്ടിലെ സ്കൂൾ കുട്ടികൾക്കായുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ 6 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി പെരുന്തലൈവർ കാമരാജ് പ്രഭാതഭക്ഷണ പദ്ധതിയുടെ വിപുലീകരണം ചെന്നൈ തിരുവൺമിയൂരിലെ ഗാന്ധിഗ്രാമം കോർപ്പറേഷൻ സ്കൂളിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
വിദ്യാർത്ഥികളുടെ പോഷകാഹാരം ഉറപ്പാക്കുന്നതിനും സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് തടയുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്. പദ്ധതിയുടെ ഭാഗമായി വിജയ് കുട്ടികളോടൊപ്പം നിലത്തിരുന്ന് പ്രഭാതഭക്ഷണം കഴിക്കുകയും ചെയ്തു.
പദ്ധതിയുടെ വിപുലീകരണത്തിലൂടെ സംസ്ഥാനത്തുടനീളമുള്ള 15454 സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഏകദേശം 15.30 ലക്ഷം കുട്ടികൾക്ക് കൂടി പ്രഭാതഭക്ഷണം ലഭ്യമാകും. പദ്ധതിയുടെ നടത്തിപ്പിനായി ഈ സാമ്പത്തിക വർഷം അധികമായി 217.63 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്. ഇതോടെ പദ്ധതിയുടെ ആകെ ബജറ്റ് തുക 724 കോടി രൂപയായി ഉയർന്നു.
ഉപ്പ്മാവ്, കിഛടി, പൊങ്കൽ തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങൾക്ക് പുറമെ, ആഴ്ചയിൽ രണ്ടുതവണ ആരോഗ്യകരമായ ധാന്യങ്ങൾ ഉൾപ്പെടുത്തിയുള്ള മെനുവാണ് കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. നഗരപ്രദേശങ്ങളിൽ കോർപ്പറേഷന്റെയും മുനിസിപ്പൽ അഡ്മിനിസ്ട്രേഷന്റെയും കേന്ദ്രീകൃത അടുക്കളകൾ വഴിയും, ഗ്രാമങ്ങളിൽ വനിതാ വികസന കോർപ്പറേഷന്റെയും കുടുംബശ്രീ മാതൃകയിലുള്ള സ്വയംസഹായ സംഘങ്ങളുടെയും നേതൃത്വത്തിലാണ് പ്രഭാതഭക്ഷണം തയാറാക്കി നൽകുന്നത്. കുട്ടികളുടെ ആരോഗ്യവും പോഷകാഹാര നിലവാരവും ഉയർത്തുന്നതിനൊപ്പം പഠന നിലവാരവും ഹാജറും മെച്ചപ്പെടുത്താൻ ഈ പദ്ധതി സഹായകരമാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.