യോഗത്തിൽ നിന്ന്

മഴക്കെടുതി തടയാന്‍ മുന്നൊരുക്കവുമായി തമിഴ്നാട് സർക്കാർ; അപകടമേഖലകളിൽ ഡ്രോൺ പരിശോധന നടത്തണമെന്ന് വിജയ്

ചെന്നൈ: വടക്കുകിഴക്കൻ മൺസൂൺ ശക്തമാകുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ റോഡുകളുടെയും പാലങ്ങളുടെയും മഴവെള്ളച്ചാലുകളുടെയും സ്ഥിതിഗതികൾ ഡ്രോൺ ഉപയോഗിച്ച് പരിശോധിക്കാൻ നിർദേശം നൽകി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. മൺസൂൺ മഴയിൽ വെള്ളക്കെട്ടും ഗതാഗത തടസ്സങ്ങളും ഒഴിവാക്കുന്നതിനൊപ്പം അപകടസാധ്യതയുള്ള മേഖലകൾ നേരത്തേ കണ്ടെത്തി ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. മൺസൂൺ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ സെക്രട്ടേറിയറ്റിൽ ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയത്.

തീരത്ത് കടൽവെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങൾ, ഭീഷണിയുള്ള മേഖലകൾ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവ നേരത്തേ കണ്ടെത്തണം. കാലാവസ്ഥാ മുന്നറിയിപ്പുകളും കടൽക്ഷോഭവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളും ജനങ്ങളിലേക്ക് സമയബന്ധിതമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മുന്നറിയിപ്പിന് പിന്നാലെ അപകടസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെയും മത്സ്യത്തൊഴിലാളികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം. ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ആവശ്യത്തിന് കുടിവെള്ളം, ഭക്ഷണം, ചികിത്സാ സൗകര്യങ്ങൾ എന്നിവ ഒരുക്കിവെക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ ജില്ലാ തലത്തിലുള്ള അടിയന്തര പ്രതികരണ സംഘങ്ങളെ സജ്ജമാക്കാനും നിർദേശമുണ്ട്. ബോട്ടുകൾ, കയറുകൾ, ജനറേറ്ററുകൾ, മോട്ടോർ പമ്പുകൾ തുടങ്ങിയവ ആവശ്യമായ സ്ഥലങ്ങളിൽ നേരത്തേ തന്നെ ഒരുക്കിവെക്കണം. സാറ്റലൈറ്റ് ഫോണുകൾ ഉൾപ്പെടെയുള്ള അടിയന്തര ആശയവിനിമയ സംവിധാനങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിളവെടുപ്പ് കഴിഞ്ഞ നെല്ല് മഴക്കാലത്ത് സുരക്ഷിതമായി ഗോഡൗണുകളിൽ സൂക്ഷിക്കാനും നിർദേശം നൽകി. ഇതോടൊപ്പം എൽ നിനോ പ്രതിഭാസവും ദുരന്തനിവാരണവും സംബന്ധിച്ച് വിദഗ്ധ ഉപദേശക സമിതി തയ്യാറാക്കിയ റിപ്പോർട്ട് മന്ത്രി കെ.എ. സെങ്കോട്ടയ്യൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.

ഡെങ്കിപ്പനി പ്രതിരോധത്തിനും നടപടി

ഡെങ്കിപ്പനി പ്രതിരോധത്തിന്റെയും കൊതുകുനിയന്ത്രണത്തിന്റെയും ഭാഗമായി സംസ്ഥാനത്തെ ഉയർന്ന അപകടസാധ്യതയുള്ള മേഖലകൾ കണ്ടെത്തി അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. വീടുതോറും പരിശോധന നടത്താൻ ഡൊമസ്റ്റിക് ബ്രീഡിങ് ചെക്കർമാരെ നിയോഗിക്കും. ഈഡിസ് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കുകയും ലാർവ നിയന്ത്രണ നടപടികൾ ശക്തമാക്കുകയും വേണം.

ഡെങ്കിപ്പനി കേസുകൾ നേരത്തേ കണ്ടെത്തുന്നതിനായി സർക്കാർ ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സജ്ജമാക്കണമെന്നും നിർദേശിച്ചു. ലബോറട്ടറി, ക്ലിനിക്കൽ പരിശോധനകൾക്കും ഗുരുതര ഡെങ്കിപ്പനി ബാധിതരുടെ ചികിത്സയ്ക്കുമുള്ള സൗകര്യങ്ങൾ ഉറപ്പാക്കണമെന്നും അധികൃതർക്ക് നിർദേശം നൽകി.

 

Tags:    
News Summary - TN Monsoon Preparations and Safety

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.