എന്തിനാണ് തടയുന്നത്, ഇത് സർക്കാർ ആശുപത്രിയാണ്; സീലിങ് തകർന്ന തെലങ്കാനയിലെ ആശുപത്രി സന്ദർശിക്കാനെത്തിയ സി.ജെ.പി പ്രതിനിധികളെ തടഞ്ഞ് പൊലീസ്
വാരംഗലിലെ എംജിഎം സർക്കാർ ആശുപത്രിയിൽ ഞായറാഴ്ച മേൽക്കൂരയുടെ ഭാഗങ്ങൾ അടർന്നു വീണ് രോഗികൾക്ക് പരിക്കേറ്റ സംഭവത്തിൽ ഇടപെട്ട് കോക്രോച്ച് ജനതാ പാർട്ടി. പുതിയ ആശുപത്രി കെട്ടിടം ഡിസംബർ 31-നകം പണി പൂർത്തിയാക്കി തുറന്നു നൽകണമെന്ന് കോക്ക്രോച്ച് ജനതാ പാർട്ടി ആവശ്യപ്പെട്ടു. നിലവിലെ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധന നടത്തണമെന്നും സിജെപി ആവശ്യപ്പെട്ടു.
സംഭവമറിഞ്ഞ് ജില്ലാ കളക്ടറെയും ആശുപത്രി സൂപ്രണ്ടിനെയും കാണാനെത്തിയ സിജെപി പ്രതിനിധി സംഘത്തെ പൊലീസ് തടഞ്ഞുവെച്ചു. ഇത് സർക്കാർ ആശുപത്രിയാണ്, പിന്നെ എന്തിനാണ് തടയുന്നതെന്ന് സിജെപി പ്രവർത്തകർ ചോദിക്കുകയും പൊലീസ് അവരെ തടയുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പരിക്കേറ്റ രോഗികളെ സന്ദർശിക്കാനും കെട്ടിടങ്ങളുടെ സുരക്ഷാ അവസ്ഥ പരിശോധിക്കാനുമായി എത്തിയതായിരുന്നു പാർട്ടി പ്രതിനിധിസംഘം. എന്നാൽ പ്രതിനിധി സംഘത്തോടു സംസാരിക്കാതെ കളക്ടർ സ്ഥലം വിട്ടുപോയതായി സിജെപി വ്യക്തമാക്കി. തുടർന്ന് ആശുപത്രി സൂപ്രണ്ടിനെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ഹൈദരാബാദിലാണെന്ന് പറഞ്ഞ് പൊലീസ് പ്രവേശനം അനുവദിച്ചില്ല.
സുരക്ഷിതമല്ലാതായി കണ്ടെത്തുന്ന കെട്ടിട ഭാഗങ്ങൾ ഉടൻ അറ്റകുറ്റപ്പണി നടത്തണമെന്നും അപകടത്തിൽ പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. ഡിസംബർ അവസാനത്തിനകം പുതിയ ആശുപത്രി കെട്ടിടം തുറന്നു കൊടുത്തില്ലെങ്കിൽ വാരംഗലിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിജെപി പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.