15 മണിക്കൂർ, പരിശോധിച്ചത്170 സി.സി.ടി.വി കാമറകൾ; തട്ടികൊണ്ടുപോയ കുട്ടിയെ രക്ഷിച്ചത് സിനിമയെ വെല്ലുന്ന നീക്കത്തിലൂടെ

അമ്രേലി: ഗുജറാത്തിലെ അമ്രേലി ജില്ലയില്‍നിന്ന് തട്ടികൊണ്ടുപോയ അഞ്ചുവയസ്സുകാരനെ വിദഗ്ധമായി മോചിപ്പിച്ച് പൊലീസ്. 15 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ സുരക്ഷിതമായി മോചിപ്പിക്കുകയും പ്രതിയെ പിടിക്കൂടുകയും ചെയ്തത്. പ്രതിയുടെ കൈവശം മൊബൈൽ ഫോൺ ഇല്ലാതിരുന്നത് അന്വേഷണ സംഘത്തിന് വലിയ വെല്ലുവിളിയായിരുന്നു. നൂറിലേറെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ സിനിമയെ വെല്ലുന്ന നീക്കത്തിലൂടെയാണ് പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തിയത്.

അമ്രേലിയിലെ മോത്ത അങ്കഡിയ ഗ്രാമത്തിലാണ് സംഭവം. മധ്യപ്രദേശിൽനിന്നുള്ള കുടിയേറ്റ കർഷക തൊഴിലാളിയായ രാകേഷ് ബമാനിയയുടെ അഞ്ച് വയസ്സുള്ള മകനെയാണ് ലളിത് രൂപ്സിങ്ഭായ് ജാംറെ (25) എന്നയാൾ തട്ടിക്കൊണ്ടുപോയത്. ആറ് മാസം മുമ്പ് കുടുംബവുമായി പരിചയത്തിലായ ലളിത്, ജോലി ലഭിക്കുന്നത് വരെ താൽക്കാലികമായി താമസിക്കാൻ അനുവാദം ചോദിച്ച് പത്ത് ദിവസം മുമ്പ് കുടുംബത്തിന്റെ ഫാമിലെത്തിയിരുന്നു. വിശ്വസ്തനായ ഒരാളായി കരുതി രാകേഷ് അദ്ദേഹത്തിന് അഭയവും നൽകി.

സംഭവദിവസം രാകേഷും ഭാര്യയും കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടയിലാണ് ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടത്. നോക്കുമ്പോൾ രാകേഷിന്റെ ബൈക്കിൽ ലളിത് അവരുടെ മകനുമായി രക്ഷപ്പെടുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരെയും കാണാതായതോടെ രാകേഷ് ഗ്രാമത്തിലും സമീപത്തെ ഫാമുകളിലും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് അമ്രേലി റൂറൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ലളിത് മൊബൈൽ ഫോൺ ഉപയോഗിക്കാത്ത ആളായതിനാൽ ടവർ ലൊക്കേഷൻ വഴി ട്രാക്ക് ചെയ്യുക പൊലീസിന് അസാധ്യമായിരുന്നു. പ്രതിയുടെ പേരും മോഷ്ടിക്കപ്പെട്ട ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പറും മാത്രമായിരുന്നു പൊലീസിന്റെ കൈയിലുണ്ടായിരുന്ന ഏക തുമ്പ്. ഉടൻ തന്നെ അമ്രേലി ലോക് ക്രൈം ബ്രാഞ്ചും റൂറൽ പൊലീസും ചേർന്ന് അഞ്ച് പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകി. അമ്രേലി, രാജ്കോട്ട് നിരീക്ഷണ വിഭാഗങ്ങളും ഗാന്ധിനഗറിലെ ത്രിനേത്ര സ്റ്റേറ്റ് കൺട്രോൾ റൂമും ഉൾപ്പെടെയുള്ളവരുമായി ബന്ധപ്പെട്ട് ഹൈവേ വഴിയുള്ള ബൈക്കിന്റെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചു.

തുടർന്ന് നടത്തിയ സൂക്ഷ്മമായ 15 മണിക്കൂർ അന്വേഷണത്തിൽ 170ലധികം സി.സി.ടി.വി കാറുകളിലെ ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. രാജ്കോട്ട്-പോർബന്തർ ദേശീയ പാത, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലൂടെയുള്ള ഡിജിറ്റൽ ട്രാക്ക് പിന്തുടർന്ന് ഒടുവിൽ രാജ്കോട്ടിലെ ഗൊണ്ടലിന് സമീപമാണ് പ്രതി എത്തിയതെന്ന് പൊലീസ് കണ്ടെത്തി.

തുടർന്ന് രാജ്കോട്ടിലെ വീർപൂർ മേഖലയിലെ ലോക്കൽ ഷെൽട്ടറുകൾ, ഭക്ഷണശാലകൾ, ഗസ്റ്റ് ഹൗസുകൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ ഗ്രൗണ്ട് ഇന്റലിജൻസിന്റെ സഹായത്തോടെ പൊലീസ് വ്യാപക പരിശോധന നടത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തുനിന്ന് 100 കിലോമീറ്ററിലധികം അകലെ വെച്ചാണ് ലളിതിനെ പൊലീസ് പിടികൂടിയത്. തുടർന്ന് പൊലീസ് സ്റ്റേഷനിൽ വെച്ച് അഞ്ച് വയസ്സുകാരനെ മാതാപിതാക്കൾക്ക് കൈമാറി. മധ്യപ്രദേശ് ബർവാനി ജില്ലക്കാരനായ ലളിത് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. തട്ടിക്കൊണ്ടുപോകലിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - 170 CCTVs checked; Police rescue kidnapped child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.