ഐഐടി ബോംബെ വിദ്യാർഥിയുടെ മരണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മുംബൈ: ഐ.ഐ.ടി ബോംബെ വിദ്യാർഥി സഹിൽ രവീന്ദ്ര വാകോഡിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പരീക്ഷാഹാളിൽ നടന്ന സംഭവങ്ങളും മരണത്തിന് തൊട്ടുമുമ്പുള്ള സാഹചര്യങ്ങളും വിശദമായി അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. നിലവിൽ മുംബൈ പൊലീസ് ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയായ സഹിൽ സെപ്റ്റംബർ 18നാണ് മരിച്ചത്. പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിന് പിന്നാലെയായിരുന്നു മരണം. പരീക്ഷാഹാളിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നും നിരീക്ഷണ സംവിധാനത്തിൽ വീഴ്ചയുണ്ടായോയെന്നും അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

സഹിൽ പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നുവെന്ന വിവരം മരണശേഷമാണ് തങ്ങൾ അറിഞ്ഞതെന്നും അങ്ങനെയെങ്കിൽ പരീക്ഷാഹാളിൽ മേൽനോട്ടം വഹിച്ചവർ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും സഹിലിന്റെ അമ്മാവൻ ആവശ്യപ്പെട്ടു. സഹിലിന്റെ മൊബൈൽ ഫോൺ, ലാപ്‌ടോപ്, പരീക്ഷാഹാളിലെയും കാമ്പസിലെയും സി.സി.ടി.വി ദൃശ്യങ്ങൾ തുടങ്ങിയവ പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

സഹിലിന് കാമ്പസിൽ ജാതിവിവേചനവും പീഡനവും നേരിടേണ്ടിവന്നെന്നും കുടുംബം ആരോപിച്ചു. ഐ.ഐ.ടിയിൽ മരിച്ച വിദ്യാർഥികൾ കൂടുതലും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവരാണെന്നും അവരുടെ മരണങ്ങളിൽ ജാതി വിവേചനത്തിന് പങ്കുണ്ടോയെന്നും അമ്മാവൻ ചോദിച്ചു. സഹിലിന്റെ മരണവുമായി ബന്ധപ്പെട്ട് പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയും പൊലീസ് കേസെടുത്തിരുന്നു.

സഹിലിന്റെ മരണത്തിന് പിന്നാലെ വിദ്യാർഥി പ്രതിഷേധങ്ങൾ ഉയർന്നതോടെ പ്രഫസർ സുര്യനാരായണ ഡൂല്ലയെ ഐ.ഐ.ടി ബോംബെ ഡീൻ ഓഫ് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. എന്നാൽ അദ്ദേഹം അധ്യാപകനായി തുടരും.

Tags:    
News Summary - IIT Bombay Student death Case Family Seeks CBI Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.