കത്തുന്ന ചിതയിൽ കോഴിയിറച്ചി പാകം ചെയ്യുന്നു
കത്തുന്ന ചിതയിൽ കോഴിയിറച്ചി പാകം ചെയ്ത് താന്ത്രിക കർമം; യുപിയിൽ മൂന്നുപേർ അറസ്റ്റിൽ
ലഖ്നോ: ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ കത്തിക്കൊണ്ടിരുന്ന ചിതയിൽ ഇറച്ചി പാകം ചെയ്തതായി ആരോപണം. താന്ത്രിക കർമത്തിന്റെ ഭാഗമായാണ് ചിതയിൽ ഇറച്ചി പാകം ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ താന്ത്രികനെന്ന് പറയപ്പെടുന്നയാളടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഷാജഹാൻപുരിലെ നത്ഠാപുർ ഗ്രാമത്തിലാണ് സംഭവം. അസുഖബാധയെ തുടർന്ന് ശനിയാഴ്ചയാണ് ഒരു വയോധികൻ മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് അദ്ദേഹത്തിന്റെ സംസ്കാരം നടത്തിയിരുന്നു. തുടർന്ന് ചിതയ്ക്ക് തീ കൊളുത്തിയ ശേഷം കുടുംബം വീട്ടിലേക്ക് മടങ്ങി.
അല്പസമയത്തിന് ശേഷം മരിച്ചയാളുടെ മകൻ വീണ്ടും ശ്മശാനത്തിലെത്തിയപ്പോഴാണ് കത്തിക്കൊണ്ടിരുന്ന ചിതയ്ക്ക് മുകളിൽ പാത്രം വെച്ച് ചിലർ ഇറച്ചി പാകം ചെയ്യുന്നതായി കണ്ടത്. ഗ്രാമത്തിലെ താന്ത്രികനെന്ന് പറയപ്പെടുന്ന സുരേന്ദ്രൻ, രാജേന്ദ്രൻ, രാംചരൺ എന്നിവർ ചേർന്ന് ചിതയിൽ കോഴിയിറച്ചി പാകം ചെയ്യുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോൾ സുരേന്ദ്രൻ തന്നെ അസഭ്യം പറഞ്ഞതായും പരാതിക്കാരൻ പറയുന്നു.
സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടാകുകയും ചെയ്തു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു. ഇവർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മദ്യപിക്കാനായി അവിടെ എത്തിയ തങ്ങൾ കത്തിക്കൊണ്ടിരുന്ന ചിതയിൽ ഇറച്ചി പാകം ചെയ്യുകയായിരുന്നുവെന്നാണ് സുരേന്ദ്രൻ പറയുന്നത്. ഇക്കാര്യം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.