മുംബൈ: ബോംബെ ഐ.ഐ.ടി ഹോസ്റ്റലിൽ ഭക്ഷണ വിവേചനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് 'വെജിറ്റേറിയൻ ഒൺലി' ടേബിളിൽ ഇരുന്ന് മാംസാഹാരം കഴിച്ച വിദ്യാർഥിക്ക് ഐ.ഐ.ടി മെസ് കൗൺസിൽ 10,000 രൂപ പിഴയിട്ടു. ഐ.ഐ.ടിയിൽ സസ്യാഹാരം കഴിക്കുന്നവർക്ക് പ്രത്യേകമായി തീൻമേശകൾ ഒരുക്കിയിരുന്നു. ഇതിനെതിരെ വിദ്യാർഥികൾ പ്രതിഷേധമുയർത്തുകയും ചെയ്തിരുന്നു.
ഹോസ്റ്റൽ മെസ്സിൽ സസ്യാഹാരം കഴിക്കുന്നവർക്ക് മാത്രമായി പ്രത്യേകമായി ഇരിപ്പിടം ഒരുക്കിയ അധികൃതരുടെ നടപടി വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. ഓരോ മെസ്സിലെയും നിശ്ചിത തീൻമേശകളാണ് വെജിറ്റേറിയൻ ഒൺലി ആക്കിയത്. ഇവിടെയിരുന്ന് നോൺ-വെജ് കഴിച്ചാൽ പിഴയീടാക്കുമെന്നും അറിയിപ്പുണ്ടായിരുന്നു. ഇതിനെതിരെയായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം.
കാന്‍റീനിൽ വിവിധ തരം ഭക്ഷണക്കാർക്ക് പ്രത്യേകം ഇരിപ്പിടമൊന്നും ഇല്ലാത്ത സാഹചര്യത്തിൽ വെജിറ്റേറിയൻ കഴിക്കുന്നവർക്ക് മാത്രം പ്രത്യേകം ഇരിപ്പിടം ഒരുക്കിയത് മന:പൂർവം വിഭാഗീയത സൃഷ്ടിക്കാനായാണെന്ന് ആരോപണമുയർന്നിരുന്നു. ഇതിനെതിരെ പ്രതിഷേധിക്കുന്നതിന്‍റെ ഭാഗമായി ഏതാനും വിദ്യാർഥികൾ വെജിറ്റേറിയൻ-ഒൺലി ടേബിളിൽ ഇരുന്ന് നോൺ-വെജ് ഭക്ഷണം കഴിച്ചിരുന്നു. വെജിറ്റേറിയൻ കഴിക്കുന്ന ഏതാനും വിദ്യാർഥികളും ഇവർക്ക് ഐക്യദാർഢ്യവുമായി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. നോൺ-വെജ് കഴിക്കാൻ നേതൃത്വം നൽകിയ വിദ്യാർഥികളിലൊരാൾക്കാണ് മെസ്സ് കൗൺസിൽ 10,000 രൂപ പിഴയിട്ടിരിക്കുന്നത്.
വെജിറ്റേറിയൻ ടേബിളിൽ ഇരുന്ന് നോൺ-വെജ് ഭക്ഷണം കഴിച്ച വിദ്യാർഥി ഹോസ്റ്റൽ നിയമങ്ങൾ ലംഘിച്ചതായും മന:പൂർവം സമാധനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് മെസ്സ് കൗൺസിലിന്‍റെ വാദം. ഇതേ 'കുറ്റം' ചെയ്ത മറ്റ് രണ്ട് വിദ്യാർഥികളെ കണ്ടെത്തുമെന്നും പറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.