സാഹിൽ ലോചബിന്റെ ശരീരത്തിൽ പെല്ലറ്റുകൾ പതിച്ച ഡൽഹി പൊലീസ്
ആക്രമണത്തിനെതിരെ നൽകിയ പരാതിയിൽ കേസെടുത്തതിന്റെ പകർപ്പ്
രാഹുൽ ഗാന്ധി കാണിക്കുന്നു
ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയുടെ നഗരമധ്യത്തിൽ നമ്മുടെയെല്ലാം കൺമുന്നിൽ ഒരു മാസം മുമ്പ് നടന്ന കുറ്റകൃത്യത്തിൽ കേസെടുക്കാൻ ഇത്രയും പാടുപെടേണ്ടിവന്നുവെങ്കിൽ രാജ്യത്തെ ഗ്രാമങ്ങളിലെയും ചെറുപട്ടണങ്ങളിലെയും മനുഷ്യന് എങ്ങനെ നീതി ലഭിക്കുമെന്ന് സാഹിൽ ലോചബിന്റെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തന്റെ മിന്നൽ സമരം വിജയത്തിലെത്തിച്ചശേഷം രാഹുൽ ചോദിച്ചു. ഇത്രയും തെളിവുകളുള്ള ഒരു കുറ്റകൃത്യത്തിനെതിരെ നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ലളിതമായ ആവശ്യമുന്നയിക്കുക മാത്രമാണ് ചെയ്തത്.
കേസെടുക്കണമെന്ന് പൊലീസ് സ്റ്റേഷനിലുള്ള ഉദ്യോഗസ്ഥർക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, ആഭ്യന്തരമന്ത്രി അമിത് ഷായും ആഭ്യന്തര മന്ത്രാലയവും ഇടപെട്ടാണ് അത് തടഞ്ഞതെന്ന് രാഹുൽ വിമർശിച്ചു. അമിത് ഷാ നീതിന്യായ വ്യവസ്ഥിതിയെ ഭയപ്പെടുകയാണ്. വിദ്യാർഥികളുടെ നേർക്ക് നടന്ന അതിക്രമത്തിന് ആഭ്യന്തരമന്ത്രി വിശദീകരണം നൽകുകയോ പ്രധാനമന്ത്രി മാപ്പ് പറയുകയോ ചെയ്തില്ല. നീതി തേടി സാഹിൽ എഫ്.ഐ.ആർ ഫയൽ ചെയ്യണമെന്ന് ആവശ്യപ്പെടുമ്പോൾ അതും അനുവദിക്കുന്നില്ലെന്നും, ഈ വിധത്തിൽ ഭരണഘടനയും ഭരണഘടനാ അവകാശങ്ങളും ചവിട്ടിമെതിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
ന്യൂഡൽഹി: 200 പെല്ലറ്റുകൾ സാഹിലിന്റെ ശരീരത്തിൽ പതിക്കാനിടയാക്കിയ ഡൽഹി പൊലീസിന്റെ ആക്രമണത്തിനെതിരെ നൽകിയ പരാതിയിൽ രണ്ട് വകുപ്പുകൾ ചുമത്തി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷൻ കേസെടുത്തത് അജ്ഞാതരായ പ്രതികൾക്കെതിരെ. മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചതിന് ഭാരതീയ ന്യായ സൻഹിത (ബി.എസ്.എസ്) 118(1) വകുപ്പ് പ്രകാരവും ജീവൻ അപകടത്തിലാക്കിയേക്കാവുന്ന അശ്രദ്ധമായ പ്രവൃത്തിക്ക് ബി.എൻ.എസ് 125ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.