ഉറങ്ങാൻ മാത്രമായി വീട്, വരുമാനം തുച്ഛം, യാത്രയോ കഠിനം; ജോലിസ്ഥലത്തേക്കുള്ള യാത്രാദുരിതം കൊണ്ട് പൊറുതിമുട്ടി യുവാവ്
കോഴിക്കോട്: ജോലിസ്ഥലത്തേക്കുള്ള യാത്രാദുരിതം കൊണ്ട് പൊറുതിമുട്ടി ഒരു യുവാവ് റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദിവസേനയുള്ള ജോലി സമയത്തിന് തുല്യമായ സമയം യാത്രയ്ക്കായി മാത്രം മാറ്റിവെക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടുകളാണ് യുവാവ് തുറന്നുകാട്ടിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിൽ നിന്ന് മുംബൈയിലെ ഗോരേഗാവിലേക്ക് ദിവസവും ആറര മണിക്കൂറോളം യാത്രാക്ലേശം സഹിച്ച് ജോലിക്ക് പോകുന്ന യുവാവിന്റെ കുറിപ്പാണ് ചർച്ചയാകുന്നത്.
പുലർച്ചെ അഞ്ച് മണിക്ക് ഉണരുന്ന താൻ രാവിലെ ആറരയോടെ വീട്ടിൽ നിന്ന് ഇറങ്ങുമെന്ന് യുവാവ് പറയുന്നു. 7:15-ന് ബദ്‌ലാപൂർ സ്റ്റേഷനിൽ നിന്ന് ലോക്കൽ ട്രെയിൻ കയറി ദാദറിൽ എത്തി, അവിടെ നിന്നും വെസ്റ്റേൺ ലൈനിലേക്ക് മാറി ഗോരേഗാവിൽ എത്തും. തുടർന്ന് മുപ്പത് മിനിറ്റോളം ഓട്ടോറിക്ഷ ക്യൂവിൽ കാത്തുനിന്ന ശേഷമാണ് ഒടുവിൽ രാവിലെ പത്ത് മണിയോടെ ഓഫീസിൽ എത്തുന്നത്.
വൈകുന്നേരം ഏഴു മണിക്ക് ഓഫീസിൽ നിന്ന് ഇറങ്ങിയാൽ രാത്രി പതിനൊന്ന് മണിയോടെ മാത്രമാണ് ബദ്‌ലാപൂരിലെ വീട്ടിൽ തിരിച്ചെത്താൻ കഴിയുന്നത്. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും ഇതാണ് അവസ്ഥ. ദിവസവും ആറു മണിക്കൂറിലധികമാണ് യാത്രയ്ക്കായി മാത്രം നഷ്ടപ്പെടുന്നത്. രാത്രി വീട്ടിലെത്തുന്നത് ഉറങ്ങാൻ വേണ്ടി മാത്രമാണെന്നും യുവാവ് വേദനയോടെ കുറിച്ചു.
ഓഫീസിനടുത്തേക്ക് താമസം മാറ്റുക എന്നത് സാമ്പത്തികമായി എളുപ്പമല്ലെന്നും യുവാവ് വ്യക്തമാക്കുന്നു. ഓഫീസിനടുത്ത് പി.ജി കണ്ടെത്താൻ ശ്രമിച്ചെങ്കിലും അത്യധികം ഉയർന്ന വാടകയാണ് ഈടാക്കുന്നത്. കുറഞ്ഞ നിരക്കിലുള്ളവയാകട്ടെ തീർത്തും വൃത്തിഹീനമായ അന്തരീക്ഷത്തിലുമാണ്. തന്റെ പ്രതിമാസ ശമ്പളം 35,000 രൂപ മാത്രമായതിനാൽ ഉയർന്ന വാടക നൽകി അവിടെ താമസിക്കാൻ കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാവിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ദിവസേനയുള്ള ഈ ദുരിത യാത്ര ഒഴിവാക്കാൻ ഓഫീസിനടുത്ത് ചെറിയ മുറികളോ പി.ജിയോ നോക്കാൻ പലരും ഉപദേശിച്ചിട്ടുണ്ട്. ഇന്ത്യയിലെ വൻനഗരങ്ങളിലെ രൂക്ഷമായ യാത്രാപ്രശ്നങ്ങളും ഉയർന്ന വാടകയും വീണ്ടും ചർച്ചയാക്കുന്നതാണ് ഈ റെഡിറ്റ് പോസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.