ന്യൂഡൽഹി: പൊതുനിരത്തുകളിൽ നമസ്‌കാരം നിർവഹിക്കുന്നത് തെറ്റാണെങ്കിൽ, അത് എല്ലാ മതങ്ങളുടെയും ആഘോഷങ്ങൾക്കും ഒരുപോലെ ബാധകമാക്കണമെന്ന് എ.ഐ.എം.ഐ.എം (AIMIM) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഭരണഘടനയുടെ 25-ാം അനുച്ഛേദം പ്രകാരം ഓരോ പൗരനും തങ്ങളുടെ മതം വിശ്വസിക്കാനും ആചരിക്കാനുമുള്ള അവകാശമുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
മറ്റ് മതവിഭാഗങ്ങളുടെ റാലികളും മതപരമായ ഒത്തുചേരലുകളും പൊതുനിരത്തുകളിൽ നടക്കുമ്പോൾ ആർക്കും പരാതിയില്ലെന്നും, നമസ്‌കാരത്തിന് നേരെ മാത്രം വിരൽ ചൂണ്ടുന്നത് ഇരട്ടത്താപ്പാണെന്നും ഉവൈസി കുറ്റപ്പെടുത്തി. "ഭരണഘടനയുടെ 25-ാം അനുച്ഛേദം ഓർക്കുക. റോഡിൽ പ്രാർഥിക്കുന്നത് തെറ്റാണെങ്കിൽ എല്ലാ മതങ്ങളുടെയും ഉത്സവങ്ങൾ റോഡിൽ നടത്തുന്നത് തെറ്റാണ്. മറ്റുള്ളവരുടെ ഉത്സവകാലത്ത് ഇറച്ചിക്കടകൾ അടച്ചിടണമെന്ന് നിങ്ങൾ പറയുകയാണെങ്കിൽ, റമദാനിലെ 30 ദിവസവും മദ്യഷാപ്പുകൾ അടച്ചിടാൻ തയാറാകണം." ഉവൈസി പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങൾ കേൾക്കാൻ ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും, എന്നാൽ ബാങ്ക് വിളിയും നമസ്‌കാരവും കേൾക്കുമ്പോൾ ചിലർ പ്രശ്നമുണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഹൈന്ദവ ഉത്സവങ്ങളുടെ ഭാഗമായി മുട്ട, ഇറച്ചി, കോഴി എന്നിവയുടെ വില്പന നിരോധിക്കുന്നതിനെ ചോദ്യം ചെയ്ത ഉവൈസി ഇത് എന്തുതരം നിയമമാണെന്നും ചോദിച്ചു. മുസ്‌ലിംകളെ രണ്ടാം തരം പൗരന്മാരാക്കി മാറ്റാനും അവരെ അടിച്ചമർത്താനുമുള്ള വിദ്വേഷ രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റമദാനോ ബക്രീദോ പോലുള്ള പ്രധാന മുസ്‌ലിം ആഘോഷങ്ങൾ അടുക്കുമ്പോഴാണ് ബാങ്കിനും നമസ്‌കാരത്തിനുമെതിരെയുള്ള വിവാദങ്ങൾ ബോധപൂർവം ഉയർത്തിക്കൊണ്ടുവരുന്നത്. എല്ലാ ദിവസവുമല്ല വെള്ളിയാഴ്ചകളിലെ ജുമുഅ നമസ്‌കാരത്തിനോ പെരുന്നാൾ ദിവസങ്ങളിലോ മാത്രമാണ് റോഡുകളിൽ ആളുകൾ കൂടുന്നത്. ഇന്ത്യയിൽ എല്ലാ മതങ്ങളുടെയും ഉത്സവങ്ങൾ റോഡുകളിലാണ് നടക്കുന്നത്. എന്നാൽ അതൊന്നും കാണാത്തവർക്ക് നമസ്‌കാരം കാണുമ്പോൾ മാത്രം കാഴ്ച നഷ്ടപ്പെടുകയാണെന്നും ഉവൈസി പരിഹസിച്ചു.
പൊതുസ്ഥലങ്ങളിലെ പ്രാർഥനകളെച്ചൊല്ലി രാജ്യത്ത് രാഷ്ട്രീയ ചർച്ചകൾ കൊഴുക്കുന്നതിനിടയിലാണ് ഉവൈസിയുടെ ഈ പ്രസ്താവന. ഗതാഗത തടസ്സം ഒഴിവാക്കാൻ പൊതുനിരത്തുകളിലെ മതപരമായ ഒത്തുചേരലുകൾക്ക് പല സംസ്ഥാനങ്ങളും അടുത്തിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ബലി പെരുന്നാളിനോടനുബന്ധിച്ച് റോഡുകൾ തടഞ്ഞ് പ്രാർഥന നടത്താൻ അനുമതി നൽകരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകിയിരുന്നു. പശ്ചിമ ബംഗാളിലെ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ, കൊൽക്കത്തയിലെ റെഡ് റോഡിൽ പരമ്പരാഗതമായി നടക്കാറുള്ള ഈദ് സംഗമം ഇത്തവണ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലേക്ക് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.