ഞാൻ രാജിവെച്ചാൽ മമതയും പിണറായിയും ആകും മോദിയുടെ അടുത്ത ലക്ഷ്യം -കെജ്രിവാൾ

ന്യൂഡൽഹി:  താൻ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചാൽ മമത ബാനർജിയെയും പിണറായി വിജയനെയും ബിജെ.പി താഴെയിറക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബി.ജെ.പി പരാജയപ്പെടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്ത് സർക്കാരിനെ അട്ടിമറിക്കും. ബി.ജെ.പിയുടെ ഈ നയത്തെ ആണ് ഞങ്ങൾ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്നതെന്നും കെജ്രിവാൾ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തെ അവർ ജയിലിലടക്കുമ്പോൾ, ജയിലിലിരുന്ന് ജനാധിപത്യം ഭരിക്കും. രാജ്യം കടന്നുപോകുന്നത് വളരെ വിഷമം പിടിച്ച സാഹചര്യത്തിലൂടെയാണ്. ആദ്യം വളരെ പതുക്കെ, ഇപ്പോൾ പെട്ടെന്ന് രാജ്യം ഏകാധിപത്യത്തിന്റെ പിടിയിലമർന്നിരിക്കുകയാണ്. ആദ്യം അവർ ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തു. അതിനു ശേഷം എന്നെയും. കെട്ടിച്ചമച്ച കേസിൽ എന്നെ അറസ്റ്റ് ചെയ്തതിലൂടെ രാജ്യത്ത് ആരെയും അറസ്റ്റ്ചെയ്യാമെന്ന സന്ദേശമാണ് അവർ ജനങ്ങൾക്ക് നൽകിയത്. അത്കൊണ്ടാണ് പേടിച്ചരണ്ട ജനങ്ങൾ അവർ പറയുന്ന​െതല്ലാം അനുസരിക്കുന്നത്. ഇത് ഏകാധിപത്യത്തിന്റെ അടയാളമാണ്. ജനാധിപത്യത്തിൽ ഭരണാധികാരികൾ ജനങ്ങളെ കേൾക്കുകയാണ് ചെയ്യുക. എന്നാൽ അവർ പറയുന്നത് കേൾക്കാൻ ജനങ്ങളോട് ആവശ്യപ്പെടുകയാണ്. രാജ്യത്തെ രക്ഷിക്കാനാണ് ഞാൻ ജയിലിൽ പോയത്. അല്ലാതെ അഴിമതി നടത്തിയിട്ടല്ല. ജയിലിൽ കിടക്കുന്ന മനീഷ് സിസോദിയയും ഒരു തെറ്റും ചെയ്തിട്ടില്ല. സ്വാതന്ത്ര്യസമര കാലത്ത് ആളുകളെ ഇതുപോലെ ജയിലിൽ പിടിച്ചിട്ടിരുന്നു. അവർ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയതിനാൽ ജയിലിൽ കിടന്നു. ഞങ്ങൾ രാജ്യത്തെ ഏകാധിപത്യത്തിൽ നിന്ന് രക്ഷിക്കാനും ജയിലിൽ കഴിയുന്നു.-കെജ്രിവാൾ പറഞ്ഞു.

എന്നെ എത്രകാലം ജയിലിലടക്കണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയാണ്.മനീഷ് സിസോദിയയും സത്യേന്ദർ ജെയിനും അതിന് ഉദാഹരണങ്ങളാണ്. ആം ആദ്മി പാർട്ടിയുടെ നേതാവായത് കൊണ്ടാണ് എന്നെ ലക്ഷ്യം വെക്കുന്നത്. എന്നെ തകർത്താൽ എ.എ.പിയെ ഇല്ലാതാക്കാമെന്ന് അവർ കരുതുന്നു.

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കരുതെന്നാണ് മോദിയോട് അമിത് ഷായും കൂട്ടരും പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ തനിക്കു ശേഷം അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണ് മോദി താൽപര്യപ്പെടുന്നത്. അത് ബി.ജെ.പിയിലെ പലർക്കും ഇഷ്ട​മല്ല താനും. എൽ.കെ. അദ്വാനിയെ പോലുള്ള നേതാക്കൾക്ക് വിരമിക്കൽ പ്രായം കൊണ്ടുവന്നത് മോദിയാണ്. എന്നാൽ മോദി 75 വയസു കഴിഞ്ഞിട്ടും വിരമിക്കുന്നില്ലെങ്കിൽ അദ്വാനിയെ പോലുള്ളവരെ അകറ്റി നിർത്താൻ കൊണ്ടുവന്ന നിയമമാ​ണിതെന്ന് ജനങ്ങൾ പറയും. എന്തായാലും മോദി അടുത്ത വർഷം വിരമിക്കും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. താൻ വിരമിക്കുമെന്ന കാര്യത്തിൽ മോദി തന്നെ കൃത്യമായ ഉത്തരം പറയട്ടെയെന്നും കെജ്രിവാൾ പറഞ്ഞു.

മൂന്നാംതവണയും മോദി പ്രധാനമന്ത്രിയാവുകയാണെങ്കിൽ പിന്നെ നമ്മുടെ രാജ്യത്ത് തെരഞ്ഞെടുപ്പുണ്ടാകില്ല. ഇനി നടക്കുന്നുണ്ടെങ്കിൽ അത് റഷ്യയിലെ പോലെയാകും. പ്രതിപക്ഷ നേതാക്കളെ ജയിലിലടക്കുകയോ കൊല്ലുകയോ ചെയ്യുന്ന പുടിനെയാണവർ അക്കാര്യത്തിൽ മാതൃകയാക്കുക. അങ്ങനെയുള്ള തെരഞ്ഞെടുപ്പ് നടത്തിയാൽ മോദിക്ക് 87 ശതമാനം വോട്ടും ലഭിക്കും. ബംഗ്ലാദേശിൽ ശൈഖ് ഹസീന പ്രതിപക്ഷനേതാക്കളെ ജയിലിലടക്കുന്നത് കാണുന്നി​േ​ല്ല? എന്നിട്ട് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അവർ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിക്കുന്നു. പാകിസ്താനിൽ ഇംറാൻ ഖാനെ ജയിലിലടച്ചു. അദ്ദേഹത്തിന്റെ പാർട്ടിയെയും പാർട്ടി ചിഹ്നത്തെയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യത കൽപിച്ചു. അങ്ങനെയുള്ള തെരഞ്ഞെടുപ്പുകളാവും ഭാവിയിൽ ഇന്ത്യയിലും ഉണ്ടാവുക. പ്രതിപക്ഷത്തെ മുഴുവൻ അവർ ജയിലിലടക്കും. വോട്ടു മുഴുവൻ പെട്ടിയിലുമാക്കും. ഞങ്ങളുടെ നേതാക്കളെ ഒന്നൊന്നായി അവർ ജയിലിലാക്കി. ഞങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. കോൺഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ചു. എൻ.സി.പിയെയും ശിവസേനയെയും പിളർത്തി. അവരുടെ പാർട്ടി ചിഹ്നവും അപഹരിച്ചു. പശ്ചിമ ബംഗാൾ സർക്കാരിലെ ചില മന്ത്രിമാരെ ജയിലിലടച്ചു. സ്റ്റാലിൻ സർക്കാരിലെ മന്ത്രിമാർക്കും ഇതേ അവസ്ഥയുണ്ടായി. ഇതിനൊക്കെ എതിരെയാണ് ഞങ്ങളുടെ പോരാട്ടമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

Tags:    
News Summary - If I quit Mamata and Pinarayi govts will be toppled next says Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.