'എല്ലാ ബി.ജെ.പി നേതാക്കളേക്കാളും മികച്ച ഹിന്ദുവാണ് ഞാൻ...'; ദിഗ്‌വിജയ സിങ്

ഭോപാൽ: തന്റെ പാർട്ടിയുടെ ഭരണത്തിൽ ബജ്‌റംഗ്ദളിനെ നിരോധിക്കില്ലെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് രാജ്യസഭാ എം.പിയുമായ ദിഗ്‌വിജയ സിങ് പറഞ്ഞു. എന്നാൽ, അക്രമങ്ങളിലും കലാപങ്ങളിലും ഉൾപ്പെട്ട വ്യക്തികൾ  നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹിന്ദുത്വ വിഷയത്തിൽ കൂടുതൽ സ്പർശിച്ച അദ്ദേഹം ബി.ജെ.പി നേതാക്കളേക്കാൾ മികച്ച ഹിന്ദുവാണ് താനെന്നും അവകാശപ്പെട്ടു.

ബുധനാഴ്ച ഭോപ്പാലിൽ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പാർട്ടി അധികാരത്തിലെത്തിയാൽ ബജ്‌റംഗ്ദളിനെ നിരോധിക്കില്ല. സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ ബജ്‌റംഗ്ദളിനെ നിരോധിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ബജ്‌റംഗ്ദളിലും ചില നല്ല ആളുകൾ ഉണ്ടാകാം എന്നതിനാൽ തങ്ങൾ അതിനെ നിരോധിക്കില്ല. എന്നാൽ കലാപത്തിൽ ഏർപ്പെട്ടിരിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ഞാൻ ഹിന്ദുവാണ്, ഹിന്ദുവായി തന്നെ തുടരും. ഞാൻ ഹിന്ദു മതം പിന്തുടരുന്നു, ഞാൻ സനാതന ധർമ്മത്തിന്റെ അനുയായിയാണ്. എല്ലാ ബി.ജെ.പി നേതാക്കളേക്കാളും മികച്ച ഹിന്ദുവാണ് ഞാൻ." അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യ എന്ന രാജ്യം ഹിന്ദു, മുസ്ലീം, സിഖ്, ക്രിസ്ത്യൻ തുടങ്ങിയ എല്ലാവരുടേതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും രാജ്യത്തെ വിഭജിക്കുന്നത് അവസാനിപ്പിക്കണമെന്നും ദിഗ്‌വിജയ സിങ് കൂട്ടിച്ചേർത്തു. 

Tags:    
News Summary - 'I am a better Hindu than all BJP leaders as…': former Madhya Pradesh CM Digvijaya Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.