ഗുജറാത്തിലെ ജയിലില്‍ ദലിതര്‍ക്ക് പീഡനം; മനുഷ്യാവകാശ കമീഷന്‍ ഇടപെട്ടു


ന്യൂഡല്‍ഹി: ഗുജറാത്തിലെ ജയിലുകളില്‍ ദലിത് തടവുകാരോട് സവര്‍ണ വിഭാഗക്കാര്‍ കടുത്ത വിവേചനം കാട്ടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ ജയില്‍ ഐ.ജിക്ക് നോട്ടീസയച്ചു.  അംറേലി ജില്ല ജയിലില്‍ കുടിവെള്ളം നിഷേധിക്കുകയും മര്‍ദിക്കുകയുമൊക്കെ ചെയ്തിട്ടും ഇതേക്കുറിച്ച പരാതി ജയില്‍ സൂപ്രണ്ട് ചെവിക്കൊള്ളാതിരുന്ന കാര്യം കമീഷന്‍ ചൂണ്ടിക്കാട്ടി. ആറാഴ്ചക്കകം മറുപടി നല്‍കണം. 

ജീവനും തുല്യതക്കുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്ന് നോട്ടീസില്‍ കമീഷന്‍ ഓര്‍മിപ്പിച്ചു. വിചാരണ തടവുകാരനായി അംറേലി ജയിലില്‍ 110 ദിവസം കഴിഞ്ഞ ഒരു അഭിഭാഷകന്‍ നവ്ചേതന്‍ പര്‍മാറാണ് സ്വന്തം അനുഭവത്തില്‍നിന്ന് ദലിതുകള്‍ നേരിടുന്ന വിവേചനത്തിന്‍െറ കഥ പുറത്തുകൊണ്ടുവന്നത്. ദലിത് പ്രക്ഷോഭത്തില്‍ പങ്കെടുത്തയാളാണെന്ന് അറിഞ്ഞതോടെ സവര്‍ണ തടവുകാര്‍ പീഡനം തുടങ്ങി. കുടിവെള്ളം കൊടുക്കാതെ, ടോയ്ലറ്റിലെ ടാപ്പില്‍നിന്ന് കുടിപ്പിച്ചു. 

സവര്‍ണരുടെ തുണി അലക്കുകയും പാത്രം കഴുകുകയും വേണം. രാത്രിയില്‍ വിളിച്ചുണര്‍ത്തി കാല്‍ തടവിക്കുകയും മറ്റും ചെയ്യുന്നത് പതിവാണ്.  എതിര്‍ത്ത ദലിതനെ മൃഗീയമായി മര്‍ദിച്ചു. ദിവസങ്ങളോളം എഴുന്നേല്‍ക്കാന്‍പോലും ആ തടവുകാരന് കഴിഞ്ഞില്ല. എന്നിട്ടും അയാളെ ജയില്‍ മാറ്റാന്‍ അധികൃതര്‍ തയാറായില്ല.  സവര്‍ണ തടവുകാര്‍ക്ക് ജയിലില്‍ മൊബൈല്‍ ഫോണും മറ്റും ഉപയോഗിക്കാന്‍ അനുവാദമുള്ള കാര്യവും കമീഷന്‍ ചൂണ്ടിക്കാട്ടി. 

Tags:    
News Summary - human rights commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.